റവന്യു വരുമാനത്തില്‍ ശുഭപ്രതീക്ഷ; ഇന്ത്യയുടെ ധനകമ്മിയില്‍ സര്‍ക്കാര്‍ ശ്രദ്ധ വെയ്ക്കണം: ഗീത ഗോപിനാഥ്

ഇന്ത്യയുടെ റവന്യു വരുമാനത്തില്‍ ശുഭപ്രതീക്ഷയാണുള്ളതെങ്കിലും ഇന്ത്യയുടെ ധനകമ്മി നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ പുലര്‍ണമെന്ന് ഐ.എം.എഫ് എക്കണോമിസ്റ്റായ ഗീത ഗോപിനാഥ്. ഐ.എം.എഫ്, ലോകബാങ്ക് വാര്‍ഷിക യോഗത്തിന് മുന്നോടിയായാണ് ഗീതാ ഗോപിനാഥിന്റെ പ്രസ്താവന.

സാമ്പത്തികമേഖലയില്‍ നില നില്‍ക്കുന്ന ചില പ്രശ്നങ്ങളാണ് ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് കുറക്കുന്നതിന് ഇടയാക്കിയതെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളിലെ പ്രതിസന്ധിയും ആഭ്യന്തര ഉപഭോഗത്തിലുണ്ടാവുന്ന കുറവും ഇന്ത്യക്ക് വെല്ലുവിളിയാണെന്നും ഗീതാ വ്യക്തമാക്കി.

2018-ല്‍ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 6.8 ശതമാനമായിരുന്നു. എന്നാല്‍, 2019 സാമ്പത്തിക വര്‍ഷത്തില്‍ ഇത് ഇത് 6.1 ആയി കുറയുമെന്നാണ്  ഐ.എം.എഫ് പ്രവചനം. എന്നാല്‍ 2020 ആകുമ്പോള്‍ ഏഴ് ശതമാനം വളര്‍ച്ചാനിരക്ക് ഇന്ത്യ കൈവരിക്കുമെന്ന പ്രതീക്ഷയും നിലനില്‍ക്കുനനുണ്ട്.

ഇന്ത്യ നേരിടുന്ന സാമ്പത്തിക വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അടുത്തിടെ സ്വീകരിച്ച നടപടികളെ ഗീത ഗോപിനാഥ് അനുമോദിച്ചു. അവര്‍ക്ക് ഇനിയും വളരെയധികം കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും ഗീത പറഞ്ഞു.  2020- ല്‍ ഇന്ത്യ 7 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് കരുതുന്നതെന്നും ഗീത വ്യക്തമാക്കി.