ഓട്ടിസം ബാധിച്ച കുട്ടികൾക്കായുള്ള ലിസ ഇന്റർനാഷണൽ സ്‌കൂൾ ശ്രദ്ധാകേന്ദ്രമാകുന്നു

കോട്ടയം ജില്ലയിലെ കോതനല്ലൂർ കേന്ദ്രമാക്കി ലീഡേഴ്‌സ് ആൻഡ് ലാഡർസ് ഇന്റർനാഷണൽ സ്‌കൂൾ ഓഫ് ഓട്ടിസം [ലിസ] എന്ന പേരിൽ ആരംഭിച്ച പ്രത്യേക വിദ്യാഭ്യാസ സ്ഥാപനം ചുരുങ്ങിയ സമയത്തിനുള്ളിൽ ശ്രദ്ധാകേന്ദ്രമായി മാറി.

മൂന്ന് യുവസുഹൃത്തുക്കൾ ചേർന്ന് ആരംഭിച്ച ഈ ഇന്റർനാഷണൽ സ്കൂൾ ഓട്ടിസം ബാധിച്ച കുട്ടികൾക്ക് വേണ്ടി മാത്രമുള്ളതാണ്. സാബു തോമസ് (ചാർട്ടേർഡ് അക്കൗണ്ടന്റ്), ജലീഷ് പീറ്റർ (വിദ്യാഭ്യാസ വിദഗ്ദ്ധൻ), മിനു ഏലിയാസ് (എന്റർപ്രണർ) എന്നിവരാണ് ഈ സംരംഭത്തിന് പിന്നിൽ. സാബു തോമസ് ഫിനാൻസ്, മാർക്കറ്റിംഗ് മേഖലയിലും ജലീഷ് പീറ്റർ വിദ്യാഭ്യാസം, കരിയർ ഗൈഡൻസ്, ബ്രാൻഡിംഗ്, പബ്ലിക് റിലേഷൻസ്, മാർക്കറ്റിംഗ് എന്നീ മേഖലകളിലും പ്രവർത്തിക്കുന്നു. മിനു ഏലിയാസ് “കേക്ക് വാക്കേഴ്സ്” എന്ന കമ്പനിയുടെ മാനേജിംഗ് പാർട്ട്ണറും മീഡിയ കൺസൾട്ടന്റുമാണ്.

ഇത് കേരളത്തിലെ പ്രഥമ ഇന്റർനാഷണൽ ഓട്ടിസം സ്‌കൂളാണെന്ന് അവർ പറഞ്ഞു . തിങ്കൾ മുതൽ ശനി വരെ രാവിലെ 9.45 മുതൽ വൈകിട്ട് നാല് വരെയാണ് ക്ലാസ്സുകൾ. രാവിലെ 8.30 മുതൽ വൈകിട്ട് ആറ് വരെയാണ് സ്കൂളിന്റെ പ്രവർത്തന സമയം. പഠനം, തെറാപ്പി, സ്കിൽ പരിശീലനങ്ങൾ, കെയറിംഗ് എന്നിവ സംയോജിപ്പിച്ചു കൊണ്ടുള്ള പാഠ്യപദ്ധതിയാണ് ലിസയിൽ ആവിഷ്കരിച്ചിരിക്കുന്നത്. രാവിലെ പ്രാർത്ഥനയോടെ ആരംഭിക്കുന്ന പoനം സിലബസ് അധിഷ്ടിതമാണ്. വൈകിട്ട് ദേശീയഗാനാലാപനത്തോടെ സ്കൂൾ ടൈം അവസാനിക്കുന്നു.

ഒരു ക്ലാസ്സിൽ അഞ്ച് കുട്ടികളെ മാത്രമാണ് പഠിപ്പിക്കുന്നത് . അഞ്ച് കുട്ടികൾക്ക് ഒരു ടീച്ചർ എന്നതാണ് വിദ്യാർത്ഥി – അധ്യാപക അനുപാതം. സാധാരണ നൽകുന്ന വിദ്യാഭ്യാസത്തിന് പുറമെ വിവിധ തെറാപ്പികളും ഇവിടെ നൽകി വരുന്നു. ഒക്യുപ്പേഷണൽ തെറാപ്പി, പ്ളേ തെറാപ്പി, സ്പീച്ച് തെറാപ്പി, സെൻസറി ഇന്റഗ്രേഷൻ, യോഗ, ആർട്ട് തെറാപ്പി, മ്യൂസിക് തെറാപ്പി, ഫിസിയോ തെറാപ്പി തുടങ്ങിയ തെറാപ്പികളും കുട്ടികൾക്ക് ലഭ്യമാണ്. പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ നിലവിൽ 14 അധ്യാപക-അനധ്യാപകർ ഇവിടെ സേവനമനുഷ്ഠിക്കുന്നു.

രണ്ടേമുക്കാൽ ഏക്കർ കാമ്പസിൽ 20,000 സ്ക്വയർ ഫീറ്റ് കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ലാറി ബേക്കർ സ്റ്റൈലിൽ നിർമ്മിച്ചിരിക്കുന്ന കെട്ടിടത്തിൽ സ്മാർട്ട് ക്ലാസ് റൂമുകളും കമ്പ്യൂട്ടർ ലാബും ക്രമീകരിച്ചിരിക്കുന്നു. അമ്പത് കുട്ടികളെ ഉൾക്കൊള്ളുന്ന ക്ലാസ് റൂമുകളാണ് ഉള്ളത്.

2018 ഒക്ടോബർ 19നാണ് സ്കൂൾ ആരംഭിച്ചത്. മൂന്ന് സംരംഭകരുടെ കയ്യിൽ നിന്നും മുടക്കുന്ന പണം, കുട്ടികളിൽ നിന്നും ലഭിക്കുന്ന ഫീസ് എന്നിവയിലൂടെയാണ് ചെലവുകൾ നടത്തി വരുന്നതെന്ന് അവർ വ്യക്തമാക്കി.
എല്ലാ മാസവും നാലാം ശനിയാഴ്ച മാതാപിതാക്കളുടെയും അധ്യാപകരുടെയും മീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും വൈകീട്ട് അധ്യാപകരും മാതാപിതാക്കളും ഒത്തു ചേരുകയും കുട്ടികളുടെ പുരോഗതി വിലയിരുത്തുകയും ചെയ്യുന്നു. ലിസ ഇന്റർനാഷണൽ സ്കൂളിലെ കുട്ടികളെ കാണാൻ ടൂറായി വരുന്നത് മാനേജ്മെന്റ് വിലക്കിയിട്ടുണ്ട് . സ്കൂളിലെ കുട്ടികളുടെ ഫോട്ടോയെടുക്കുന്നതും നിരോധിച്ചിട്ടുണ്ട്. ആരൊക്കെയാണ് സ്കൂളിൽ പഠിക്കുന്നതെന്ന് പുറത്ത് പറയാറില്ല.

കുട്ടികൾ മാതാപിതാക്കളുടെ കൂടെ വളരണമെന്നതാണ് സ്കൂളിന്റെ കാഴ്ചപ്പാട്. അതിനായി സ്കൂളിന് സമീപം വീട് വാടകയ്ക്കെടുത്ത് താമസിക്കുന്നതിനെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നു. ഭാവിയിൽ ഈ സ്ഥാപനത്തെ ഒരു റിസർച്ച് സെന്ററായി ഉയർത്താനാണ് ഉദ്ദേശിക്കുന്നത്. ലിസയുടെ മുന്നോട്ടുള്ള വളർച്ചയ്ക്കും വരുമാനത്തിനുമായി കാമ്പസിൽ എൽ കെ ജി മുതൽ നാല് വരെയുള്ള സാധാരണ സ്കൂൾ, സി.എ. പരിശീശന കേന്ദ്രം, കരിയർ ഗൈഡൻസ് സെൻറർ എന്നിവ ഈ വർഷം ആരംഭിക്കും. പി എസ് സി മുൻ ചെയർമാൻ ഡോ. കെ. എസ്. രാധാകൃഷ്ണനാണ് ലിസയുടെ മെന്റർ.

നിലവിൽ ഓട്ടിസം ബാധിതരായ കുട്ടികളെ സാധാരണ സ്കൂളുകളിൽ പഠിപ്പിക്കാൻ അനുവദിക്കാറില്ല. അതിന് പരിഹാരമായി അവരെ ആ അവസ്ഥയിൽ നിന്നും മാറ്റി നോർമൽ സ്കൂളിൽ പഠിക്കുവാൻ പ്രാപ്തരാക്കുകയാണ് ലിസയിൽ ചെയ്യുക. അതിന് രണ്ട് മുതൽ മൂന്ന് വർഷം വരെയുള്ള പരിശീലനത്തിലൂടെ സാധിക്കും. മാറ്റം ഓരോരുത്തരെയും ബാധിച്ചിരിക്കുന്ന ഓട്ടിസമെന്ന രോഗത്തിന്റെ ഏറ്റക്കുറച്ചിൽ അനുസരിച്ചിരിക്കും. സ്കൂളിന്റെ ദിനചര്യകളും ചിട്ടവട്ടങ്ങളും ലിസയുടെ മറ്റൊരു പ്രത്യേകതയാണ്. സ്കൂളിന് സ്വന്തമായി ചിട്ടപ്പെടുത്തിയ സിലബസ് ഉണ്ട്. ഈ സിലബസ് അനുസരിച്ചാണ് വിദ്യാഭ്യാസം . വിവിധ തെറാപ്പികളും കെയറിംഗും പഠനവും ഉൾച്ചേർന്ന പാഠ്യപദ്ധതിയാണ് ലിസയിലേത്. മൂന്ന് വർഷത്തിനകം സാധാരണ സ്‌കൂളിലെ പഠനത്തിന് കുട്ടികളെ പ്രാപ്തരാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സാബു തോമസും ജലീഷ് പീറ്ററും മിനു ഏലിയാസും പറഞ്ഞു. ഓരോ കുട്ടിക്കും ഓരോ മെൻറർ ഉണ്ടായിരിക്കും എന്നത് മറ്റൊരു പ്രത്യേകതയാണെന്ന് അവർ വ്യക്തമാക്കി.