ലീല ഗ്രൂപ്പിന്റെ നാല് ഹോട്ടലുകൾ വിൽക്കുന്നു, 3950 കോടി രൂപയ്ക്ക് വാങ്ങുന്നത് കനേഡിയൻ കമ്പനി

പ്രശസ്തമായ ലീല ഹോട്ടൽ ഗ്രൂപ്പിലെ നാല് ഹോട്ടലുകൾ വിൽക്കുന്നതിന് ധാരണയായി. കാനഡ ആസ്ഥാനമായ ബ്രൂക്ഫീൽഡ് അസറ്റ് മാനേജ്‌മെന്റ് എന്ന സ്ഥാപനമാണ് 3950 കോടി രൂപയ്ക്ക് ഈ ഹോട്ടലുകൾ വാങ്ങുന്നത്. ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ ഹോട്ടൽ ഡീൽ ആണ് ഇത്. കഴിഞ്ഞ ഒരു വർഷമായി നടന്നു വന്ന ചർച്ചകളിലാണ് വില്പനക്ക് ധാരണയായതെന്ന് ലൈവ് മിന്റ് റിപ്പോർട്ട് ചെയ്തു.
തിങ്കളാഴ്ച ചേർന്ന ലീല വെൻച്വേഴ്‌സ് ബോർഡ് യോഗം വില്പനക്ക് അംഗീകാരം നൽകി.

1400 മുറികൾ ഉൾപ്പെടുന്ന അഞ്ചു ഹോട്ടലുകളാണ് ഗ്രൂപ്പിനുള്ളത്. ന്യൂ ഡൽഹി, ബംഗളുരു, ചെന്നൈ, മുംബൈ, ഉദയ്പൂർ എന്നിവിടങ്ങളിലാണ് ഹോട്ടലുകൾ. ഇതിൽ
മുംബൈ ഒഴിച്ചുള്ള ഹോട്ടലുകളാണ് വിൽക്കുന്നത്. ഇതോടൊപ്പം ആഗ്രയിൽ ഗ്രൂപ്പിനുള്ള ഭൂമിയും ബ്രൂക്ഫീൽഡിന് കൈമാറും. ലീല എന്ന ബ്രാൻഡും ബ്രൂക്ഫീൽഡിന് സ്വന്തമാകും. ലീല ഹോട്ടലുകളിലെ ജീവനക്കാരെയും കാനഡ കമ്പനി ഏറ്റെടുക്കും എന്നാണ് ഡീലിലെ വ്യവസ്ഥ.

മലയാളിയായ ക്യാപ്റ്റൻ സി പി കൃഷ്ണൻ നായർ ആരംഭിച്ചതാണ് ഇന്ത്യയിലെ ഹോസ്പിറ്റാലിറ്റി രംഗത്തെ പ്രമുഖ ബ്രാൻഡായി മാറിയ ലീല.