കൂടുതൽ ബോണ്ടുകളിറക്കി കിഫ്‌ബി 3500 കോടി രൂപ സമാഹരിക്കും, ഡോളർ ബോണ്ടും ഓഫർ ചെയ്യാൻ സാധ്യത

ആഗോള സാമ്പത്തിക മാർക്കറ്റിൽ ശ്രദ്ധ നേടിയ മസാല ബോണ്ടിന് ശേഷം കൂടുതല്‍ ബോണ്ടുകളിറക്കാന്‍ കിഫ്ബി ഒരുങ്ങുന്നു. ആഭ്യന്തര മാർക്കറ്റിലും വിദേശ വിപണിയിൽ ഡോളറിൽ ഇടപാട് നടത്തുന്ന കടപത്രങ്ങള്‍ ഇറക്കാനാണ് കിഫ്ബി പദ്ധതിയിടുന്നത്. 3500 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം.

ഇപ്പോള്‍ വിപണി സാഹചര്യങ്ങള്‍ അത്ര അനുകൂലമല്ല.  വിപണി സ്ഥിരത കൈവരിക്കുന്ന മുറയ്ക്ക് ബോണ്ടുകളിറക്കാനാണ് കിഫ്ബിയുടെ തീരുമാനം. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത് രാജ്യത്ത് വിറ്റഴിക്കുന്ന ആഭ്യന്തര ബോണ്ടുകളിലൂടെ 1500 കോടി രൂപയും ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത് ഡോളര്‍ ബോണ്ടിലൂടെ 2000 കോടി രൂപയും സമാഹരിക്കാനാണ് കിഫ്ബിയുടെ ലക്ഷ്യം.

അടുത്ത സാമ്പത്തിക വര്‍ഷം അടിസ്ഥാന സൗകര്യ വികസന രംഗത്ത് 12,000 കോടി രൂപയുടെ ചെലവാണ് കിഫ്ബി പ്രതീക്ഷിക്കുന്നത്. ഈ പണം കണ്ടെത്താനാണ് പുതിയ ബോണ്ടുകളിറക്കുന്നത്. പദ്ധതികള്‍ക്കാവശ്യമായ പണം കണ്ടെത്താല്‍ കഴിയുമെന്നാണ് കിഫ്ബിയുടെ വിലയിരുത്തല്‍. കിഫ്ബിയുടെ തനത് വരുമാനം ഇതുവരെ 7000 കോടി രൂപയാണ്. സര്‍ക്കാര്‍ നല്‍കിയ മൂലധനവും പെട്രോള്‍ സെസ്സും മോട്ടോര്‍ വാഹന നികുതിയില്‍ നിന്നുളള വിഹിതവും ഉള്‍പ്പടെയുളള വരുമാനമാണിത്.

Read more

ഇത് കൂടാതെ പൊതുമേഖല ബാങ്കുകള്‍ പത്ത് വര്‍ഷത്തേക്ക് 3000 കോടി രൂപ വായ്പയായി നല്‍കാമെന്നും പറഞ്ഞിട്ടുണ്ട്. കിഫ്ബിയുടെ സാമ്പത്തിക ആസൂത്രണ പ്രകാരം വിവിധ രീതിയിൽ സമാഹരിക്കുന്ന ഫണ്ടുകൾക്ക് ശരാശരി 9 ശതമാനം പലിശ നല്‍കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. വായ്പ നല്‍കാമെന്ന് വാഗ്ദാനം നല്‍കിയിട്ടുളള ബാങ്കുകളുടെ ശരാശരി പലിശ നിരക്ക് 9.2 ശതമാനം വരും. പൊതുമേഖല സ്ഥാപനമായ നബാര്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്മെന്‍റ് അസിസ്റ്റന്‍സില്‍ (നിഡ) നിന്ന്10.5 ശതമാനം പലിശ നിരക്കില്‍ കിഫ്ബി 300 കോടി രൂപ വായ്പയെടുത്തിരുന്നു.