‘കേരള റീട്ടെയ്ല്‍ കോണ്‍ക്ലേവ് 2026′ ജൂണ്‍ 12 വെള്ളിയാഴ്ച കൊച്ചിയില്‍ നടക്കും.റീട്ടെയ്ല്‍ മേഖലയിലെ ആധുനിക മാറ്റങ്ങളെയും പുതിയ സാധ്യതകളെയും കുറിച്ച് ചര്‍ച്ച ചെയ്യുന്ന’കേരള റീട്ടെയ്ല്‍ കോണ്‍ക്ലേവ് 2026’ പ്രമുഖ അന്താരാഷ്ട്ര നിയമസ്ഥാപനമായ അള്‍ട്ടാസിറ്റ് ഗ്ലോബലും കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സും സംയുക്തമായാണ് റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ സംഘടിപ്പിക്കുന്നത്. ഇതോടൊപ്പം റീട്ടെയ്ല്‍ രംഗത്തെ മികച്ച നേട്ടങ്ങള്‍ക്കുള്ള ‘സ്‌പൈസ് കോസ്റ്റ് എക്‌സലന്‍സ്’ പുരസ്‌കാരങ്ങളും വിതരണം ചെയ്യും.
വെള്ളിയാഴ്ച വൈകുന്നേരം 5.30-ന് ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി മുഖ്യാതിഥിയാകും. കൊച്ചിന്‍ ചേംബര്‍ പ്രസിഡന്റ് വിനോദിനി സുകുമാര്‍ സ്വാഗതവും അള്‍ട്ടാസിറ്റ് ഗ്ലോബല്‍ അസോസിയേറ്റ് പാര്‍ട്ണര്‍ അഡ്വ. മഞ്ജു അമ്മനാഥ് ആമുഖ പ്രഭാഷണവും നടത്തും. കൊച്ചിന്‍ ചേംബര്‍ വൈസ് പ്രസിഡന്റ് ബിബു ബി. പുന്നൂരാന്‍ നന്ദി പറയും.
‘ഇന്ത്യയിലെ ഉപഭോക്തൃ സമ്പദ്വ്യവസ്ഥയുടെ ഡിജിറ്റല്‍ പരിണാമം’ എന്ന വിഷയത്തില്‍ പ്രമുഖര്‍ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ചയും പരിപാടിയില്‍ നടക്കും. എം1 മാര്‍ക്കറ്റിംഗ് സര്‍വീസസ് ഡയറക്ടര്‍ മഹാദേവന്‍ ജയറാം നിയന്ത്രിക്കുന്ന ചര്‍ച്ചയില്‍ ഡോ. സുധീര്‍ രാജ രവീന്ദ്രന്‍ (അള്‍ട്ടാസിറ്റ് ഗ്ലോബല്‍), ദീപക് അശ്വനി (അശ്വനി ലച്ച്മന്‍ദാസ് ഗ്രൂപ്പ്), ജോസ് അലക്‌സ് (കപ്പോ ഫുഡ്), ശ്രീനാഥ് വിഷ്ണു (വി.എന്‍.ജി. ഫുഡ്‌സ്), മൈക്കല്‍ ഡൊമിനിക് (സി.ജി.എച്ച്. എര്‍ത്ത്), കെ.എസ്. മണി (മില്‍മ) എന്നിവര്‍ പങ്കെടുക്കും.
പാനല്‍ ചര്‍ച്ചയ്ക്ക് ശേഷം സ്‌പൈസ് കോസ്റ്റ് എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. അള്‍ട്ടാസിറ്റ് ഗ്ലോബല്‍ മാര്‍ക്കറ്റിംഗ് ഹെഡ് പ്രീതി തോമസ് കൃതജ്ഞത പറയും.