ഇന്ത്യൻ സിനിമയിലെ അത്ഭുത പ്രതിഭകൾ ഒത്തു ചേർന്ന അപൂർവ സംഗമം, ശ്രദ്ധേയമായി കല്യാൺ പരസ്യ ചിത്രീകരണം

ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച പ്രതിഭകൾ ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഒത്തുചേർന്നത് ഏറെ ശ്രദ്ധേയമാകുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച ജൂവലറി ബ്രാൻഡായ കല്യാണിന്റെ പരസ്യ ചിത്രീകരണമാണ് ഈ അത്യപൂർവ സംഗമത്തിന് വേദിയായത്.

കല്യാണിന്റെ ബ്രാൻഡ് അംബാസഡർ കൂടിയായ ഇന്ത്യൻ സിനിമയിലെ ഇതിഹാസം എന്ന് വിശേഷിപ്പിക്കപ്പെടുന്ന അമിതാബ് ബച്ചനൊപ്പം തെലുങ്കിലെ സൂപ്പർ സ്റ്റാർ നാഗാർജുന, കന്നട താരം ശിവ്‌രാജ്‌കുമാർ, തമിഴ് നടൻ പ്രഭു ഗണേശൻ, ബോളിവുഡ് താരം കത്രീന കൈഫ് എന്നിവർക്കൊപ്പം മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഞ്ജു വാര്യർ എന്നിവരാണ് ഈ അവിസ്മരണീയ മുഹൂർത്തത്തിൽ പങ്കാളികളായത്. കല്യാൺ ജൂവലേഴ്സിന്റെ ഗ്ലോബൽ ബ്രാൻഡ് അംബാസഡറാണ് കത്രീന. മുംബയിലായിരുന്നു ഇതിന്റെ ചിത്രീകരണം നടന്നത്.

ഈ താരങ്ങളെല്ലാം വർഷങ്ങളായി കല്യാൺ ജൂവലേഴ്‌സുമായി സഹകരിച്ചു വരികയാണെന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യൻ സിനിമയുടെ മുഖം എന്ന് പ്രകീർത്തിക്കപ്പെടുന്ന ഈ താരങ്ങൾ സിനിമ വ്യവസായത്തിന് നൽകിയ സംഭാവനകൾ അവിസ്മരണീയമാണെന്ന് കല്യാൺ ജൂവലേഴ്‌സ് വ്യക്തമാക്കി. ഇന്ത്യൻ സിനിമയിലെ പ്രശസ്തനായ ക്യാമറാമാൻ രവി വർമൻ ആണ് ഈ ടി വി കൊമേർഷ്യൽ ക്യാമറയിൽ പകർത്തിയത്.

തമാശ, ബർഫി, ജഗ്ഗ ജാസൂസ്, ഗോലിയോൺ കി രാസലീല രാം ലീല തുടങ്ങിയ വമ്പൻ പ്രോജക്ടുകൾക്ക് പിന്നിൽ പ്രവർത്തിച്ചത് ഇദ്ദേഹമാണ്. ഇതിനു മുൻപ് 2014 ലായിരുന്നു ഇന്ത്യൻ സിനിമയിലെ ഈ പ്രതിഭകളുടെ സംഗമം നടന്നതെന്ന് കല്യാൺ ജൂവലേഴ്‌സ് പത്രക്കുറിപ്പിൽ അറിയിച്ചു. ചിത്രീകരണത്തിന് ശേഷം അതിന്റെ അനുഭവങ്ങൾ ബിഗ് ബി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കു വച്ചു . പരസ്യ ചിത്രം വൈകാതെ ജനങ്ങൾക്ക് മുൻപിൽ എത്തും.