ഒരു കിലോമീറ്റർ ഓടാൻ വേണ്ടത് അമ്പത് പൈസ, കേരളത്തിന്റെ സ്വന്തം ഹരിത ഓട്ടോ റോഡിലേക്ക്

ഒരു കിലോമീറ്റര്‍ ഓടാന്‍ 50 പൈസ മാത്രം ചെലവു വരുന്ന കേരളത്തിന്‍റെ സ്വന്തം ഇലക്ട്രിക് ഓട്ടോറിക്ഷ ഉടന്‍ ഓടിത്തുടങ്ങും. പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് [കെ.എ.എൽ] നിര്‍മ്മിക്കുന്ന കേരള നീംജി എന്ന ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ നിര്‍മ്മാണം തുടങ്ങി. കേരളം വൈദ്യുതി വാഹനങ്ങളുടെ നാടായി മാറാന്‍ പോവുകയാണെന്ന് ഇലക്ട്രിക് ഓട്ടോയുടെ വ്യാവസായികാടിസ്ഥാനത്തിലുള്ള നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം രാജ്യത്ത് ആദ്യമായാണ് ഒരു പൊതുമേഖലാ സ്ഥാപനം ഇലക്ട്രിക് ഓട്ടോ നിര്‍മ്മാണത്തിന് യോഗ്യത നേടിയത്. തിരുവനന്തപുരം ആറാലുംമൂട്ടിലുള്ള കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് അഞ്ച് മാസം കൊണ്ടാണ് നീംജി രൂപകല്‍പന ചെയ്‍തത്. 5000 കിലോമീറ്റര്‍ പരീക്ഷണയോട്ടം നടത്തിയ വാഹനം ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരവും നേടി.

കാഴ്‍ചയിലും വലിപ്പത്തിലും സാധാരണ ഓട്ടോറിക്ഷകളെ പോലെ തന്നെയാണ് കേരള നീംജിയും. പിറകില്‍ മൂന്ന് പേര്‍ക്ക് ഇരിക്കാനാകും. ജര്‍മ്മന്‍ സാങ്കേതികവിദ്യയില്‍ തദ്ദേശീയമായി നിര്‍മ്മിച്ച ബാറ്ററിയും രണ്ട് കെ. വി മോട്ടോറുമാണ് ഈ ഓട്ടോറിക്ഷയുടെ ഹൃദയം. മൂന്നു മണിക്കൂര്‍ 55 മിനിറ്റ് കൊണ്ട് ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാം. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. സാധാരണ ത്രീ പിന്‍ പ്ലഗ് ഉപയോഗിച്ചും ബാറ്ററി റീചാര്‍ജ് ചെയ്യാം. കേരളത്തിലെ വലിയ കയറ്റമെല്ലാം കയറാന്‍ പ്രത്യേക പവര്‍ ഗിയറും വാഹനത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്. കിലോമീറ്ററിന് 50 പൈസ മാത്രമാണ് ചെലവ്.

ശബ്‍ദമലിനീകരവണവും കാര്‍ബണ്‍ മലിനീകരണവും കുറവായിരിക്കുമെന്നതാണ്  ഈ ഓട്ടോയുടെ ഒരു പ്രത്യേകത. കുലുക്കവും തീരെ കുറവായിരിക്കും. അറ്റകുറ്റപ്പണിയും കുറവായിരിക്കുമെന്നാണ് കമ്പനി പറയുന്നത്. രണ്ടര ലക്ഷം രൂപയാണ് വാഹനത്തിന്‍റെ വില. സബ്‌സിഡി കൂടി ലഭിക്കുന്നതോടെ രണ്ടു ലക്ഷത്തിന് വിപണിയില്‍ വില്‍ക്കാനാകുമെന്നാണ് പ്രതീക്ഷ. ഈ ഓണത്തിന് വാഹനം വിപണിയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ വര്‍ഷം 8000 ഓട്ടോറിക്ഷകള്‍ പുറത്തിറക്കും. പിന്നീട് ആവശ്യാനുസരണം ഉല്‍പാദനം കൂട്ടാനാണ് തീരുമാനം.

ഇലക്ട്രിക് ഓട്ടോറിക്ഷയ്ക്ക് പിന്നാലെ ഇലക്ട്രിക് ബസുകളുടെ നിര്‍മ്മാണ രംഗത്തേക്കും കടക്കാനൊരുങ്ങുകയാണ് കേരള ഓട്ടോമൊബൈല്‍സ്.