ഉജാലയിൽ തലമുറ മാറ്റം, ജ്യോതി രാമചന്ദ്രൻ എം.ഡിയാകും

Advertisement

ജ്യോതി ലബോറട്ടറീസിൽ  രണ്ടാം തലമുറ നേതൃത്വത്തിലേക്ക്. ഉജാല ബ്രാൻഡിൽ ഒരു നിര ഉത്പന്നങ്ങൾ അവതരിപ്പിക്കുന്ന കമ്പനിയുടെ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം. പി രാമചന്ദ്രന്റെ മകൾ എം. ആർ ജ്യോതിയാണ് തലപ്പത്തെത്തുന്നത്. അടുത്ത വർഷം ഏപ്രിൽ ഒന്നിന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി ജ്യോതി ചുമതലയേൽക്കും. എം. പി രാമചന്ദ്രൻ ചെയർമാൻ എമിറേറ്റ്‌സായി തുടരും.

നിലവില്‍ കമ്പനിയുടെ ചീഫ് മാർക്കറ്റിംഗ് ഓഫീസറും ഡയറക്ടറുമാണ് ജ്യോതി. കമ്പനിയുടെ സെയിൽസ്, മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡ് കമ്യൂണിക്കേഷന്‍ മേഖലകളിൽ ഒട്ടേറെ മാറ്റങ്ങള്‍ അവർ കൊണ്ടു വന്നിട്ടുണ്ട്. 14 വർഷമായി അവർ കമ്പനിയിൽ പ്രവർത്തിച്ചു വരുന്നു.

ജ്യോതിയുടെ ഇളയ സഹോദരിയും കമ്പനി ജനറൽ മാനേജരുമായ (ഫിനാൻസ്) എം. ആർ ദീപ്തിയെ ഡയറക്ടർ ബോർഡ് അംഗമാക്കാനും തീരുമാനിച്ചു. ഇതോടെ ഡയറക്ടർ ബോർഡിൽ 50 ശതമാനം സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്ന ഇന്ത്യയിലെ ആദ്യ കമ്പനികളിലൊന്നായി മാറും ജ്യോതി ലബോറട്ടറീസ്.

മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് കോമേഴ്‌സിൽ ബിരുദവും മുംബൈ വെല്ലിങ്കർ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എംബിഎയും ജ്യോതി നേടിയിട്ടുണ്ട്. ഹാർവാഡ് യൂണിവേഴ്സിറ്റിയിൽ മാനേജ്മെന്റ് പ്രോഗ്രാം പൂർത്തിയാക്കിയ അവർ എസ്.പി.ജെയിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ നിന്ന് ഫാമിലി മാനേജ്ഡ് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്.

1983ല്‍ സ്ഥാപിതമായതും 2000 കോടി രൂപയോളം വിറ്റുവരവുമുള്ള കമ്പനിയാണ് ജ്യോതി ലബോറട്ടറീസ് ലിമിറ്റഡ്. മുംബൈ ആണ് കമ്പനിയുടെ ആസ്ഥാനം.ഉജാലക്ക് പുറമെ മാക്‌സോ, എക്‌സോ, ഹെൻകോ, പ്രിൽ, മാർഗോ, നീം, ചെക്ക്, മിസ്റ്റർ വൈറ്റ് തുടങ്ങിയ ഉത്പന്നങ്ങൾ കമ്പനി വിപണിയിൽ ഇറക്കുന്നു. ഇന്ത്യയിലും ബംഗ്ലാദേശിലുമായി 24 നിർമാണ പ്ലാന്റുകൾ ജ്യോതി ലബോറട്ടറീസിനുണ്ട്. 2018 -19ൽ 1769 കോടി രൂപ വിറ്റുവരവിൽ 193 കോടി രൂപ ലാഭം നേടിയിരുന്നു.