ആജീവനാന്ത സൗജന്യ കോളുകൾ വാഗ്ദാനം; ജിയോ ഫൈബർ ഇന്ന് ആരംഭിക്കും

 

ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോയുടെ ഒപ്റ്റിക് ഫൈബർ അധിഷ്ഠിത ജിയോ ഫൈബർ ബ്രോഡ്‌ബാൻഡ് സേവനം ഇന്ന് ആരംഭിക്കും. കഴിഞ്ഞ മാസം നടന്ന കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ (എ.ജി.എം) റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി ജിയോ ഫൈബർ ഉപഭോക്താക്കൾക്ക് ലാൻഡ്‌ലൈനിൽ നിന്ന് ശബ്ദ കോളുകൾ ആജീവനാന്തം സൗജന്യമായി ലഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

പ്രതിമാസം 700 രൂപ മുതൽ ഉള്ള സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളിൽ 100 മെഗാബൈറ്റ് (എംബിപിഎസ്) മുതൽ 1 ജിഗാബൈറ്റ് വരെ ബ്രോഡ്‌ബാൻഡ് വേഗതയും വാർഷിക പ്ലാനിൽ എച്ച്ഡി ടിവി സെറ്റും സൗജന്യമായി ലഭിക്കും. ബ്രോഡ്‌ബാൻഡ് ബിസിനസ്സ് വാണിജ്യപരമായി പ്രവർത്തനക്ഷമമാക്കി ആദ്യ വർഷത്തിനുള്ളിൽ 35 ദശലക്ഷം വരിക്കാരെയാണ് ജിയോ ലക്ഷ്യമിടുന്നത്.

ആദ്യ ദിവസം മുതൽ കമ്പനി 1,600 പട്ടണങ്ങളെ ലക്ഷ്യമിടുമെന്നും തുടക്കത്തിൽ 30,000 പ്രാദേശിക കേബിൾ ഓപ്പറേറ്റർമാർ വഴി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ചേരാൻ ശ്രമിക്കുമെന്നും അധികൃതർ പറഞ്ഞു.