വാടക നൽകാൻ പണമില്ല, 15 വിമാനങ്ങൾ ജെറ്റ് നിലത്തിറക്കി

സാമ്പത്തിക പ്രതിസന്ധി അതീവ ഗുരുതരമായതിനെ തുടർന്ന് ജെറ്റ് എയർവേയ്‌സ് 15 വിമാനങ്ങളുടെ സർവീസ് ഇന്നലെ നിർത്തി വെച്ചു. വിമാനങ്ങളുടെ വാടക കുടിശികയായതിനെ തുടർന്നാണ്  പറക്കൽ അവസാനിപ്പിച്ചത്. ഇതോടെ ജെറ്റിന്റെ വിമാനങ്ങളുടെ എണ്ണം 29 ആയി കുറഞ്ഞു.

സാമ്പത്തികാവസ്ഥ മോശമായതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി പൈലറ്റുമാർ ഉൾപ്പടെയുള്ള ജീവനക്കാർക്ക് ശമ്പളം നൽകിയിട്ടില്ല. വായ്പ നൽകിയ ബാങ്കുകളുടെ പുനരുദ്ധാരണ പദ്ധതി പ്രകാരം ചെയർമാൻ നരേഷ് ഗോയലും ഭാര്യയും കഴിഞ്ഞ ആഴ്ച ഡയറക്ടർ ബോർഡിൽ നിന്ന് രാജി വെച്ചിരുന്നു.

അതിനിടെ ബോയിംഗ് 737 വിമാനങ്ങൾ പറത്തുന്ന പൈലറ്റുമാരോട് ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിക്കാൻ കമ്പനി നിർദേശിച്ചിട്ടുണ്ട്. ബോയിംഗ് 737 ക്രൂവിന് അഞ്ചു ദിവസം ജോലിയും മൂന്ന് ദിവസം ഓഫും എന്ന രീതിയിൽ ജോലി ക്രമീകരിച്ചിട്ടുണ്ട്. 80 ബോയിംഗ് വിമാനങ്ങൾ ഉൾപ്പെടെ 115 വിമാനങ്ങൾ ജെറ്റ് എയർവെയ്‌സിനുണ്ടായിരുന്നു.