കിംഗ് ഫിഷറിന്റെ വഴിയേ ജെറ്റും, പ്രതിസന്ധി രൂക്ഷം, വിമാനം പറത്തില്ലെന്ന് പൈലറ്റുമാർ

വൻതകർച്ചയിലേക്ക് നീങ്ങിയ ജെറ്റ് എയർവെയ്സിനെ രക്ഷിക്കാൻ കമ്പനിയിൽ ഓഹരി പങ്കാളിത്തമുള്ള ഇത്തിഹാദ് എയര്‍വേയ്സ് എത്തില്ലെന്ന് വ്യക്തമായതോടെ എയര്‍വേയ്സിനെ രക്ഷിക്കാനുളള എല്ലാ വഴികളും തിരഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. പൊതുമേഖല ബാങ്കുകളെ കൊണ്ട് താല്‍ക്കാലിക ഫണ്ടിങ്ങ് അടക്കമുളള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായാണ് വിവരം. ജെറ്റ് എയര്‍വേയ്സില്‍ ഓഹരി വിഹിതമുളള ഇത്തിഹാദ് തുടര്‍നിക്ഷേപം നടത്തില്ലെന്ന് വ്യക്തമായതോടെ വായ്പ കുടിശിക ഓഹരിയാക്കി മാറ്റാനാകില്ലെന്ന് എസ്ബിഐ ഉള്‍പ്പടെയുളള ബാങ്കുകളും നിലപാട് എടുത്തതായാണ് വിവരം.

അതിനിടെ ശമ്പള കുടിശിക തീർത്തില്ലെങ്കിൽ വിമാനം പറത്തില്ലെന്ന് പൈലറ്റുമാർ മുന്നറിയിപ്പ് നൽകി.
ഇത്തിഹാദ് എയര്‍വേയ്സിന് ജെറ്റ് എയര്‍വേയ്സില്‍ 24 ശതമാനം ഓഹരികളുണ്ട്. നിലവില്‍ 41 ജെറ്റ് എയര്‍വേയ്സ് വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. എന്നാല്‍, വരും ദിവസങ്ങളില്‍ പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ ഇതില്‍ പകുതിയോളം സര്‍വീസ് നടത്താനാകാത്ത സ്ഥിതിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നാഷണല്‍ ഇന്‍വെസ്റ്റ്മെന്‍റ് ആന്‍ഡ് ഇന്‍ഫ്രാ സ്ട്രക്ചര്‍ ഫണ്ട് (എന്‍ഐഐഎഫ്) പ്രതിസന്ധി പരിഹാരത്തിനായി 1,900 കോടി രൂപ മുടക്കാമെന്ന് സമ്മതിച്ചതായാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ ചില നിക്ഷേപ സ്ഥാപനങ്ങളുമായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ സജീവമാക്കിയിട്ടുണ്ട്. ജെറ്റ് എയര്‍വേയ്സ് പ്രവര്‍ത്തനം നിര്‍ത്തിയാല്‍ 23,000 ത്തോളം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും.

Read more

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജെറ്റ് എയര്‍വേയ്സ് സര്‍വീസ് അവസാനിപ്പിച്ചാല്‍ വ്യോമയാന മേഖലയില്‍ പ്രതിസന്ധി രൂക്ഷമാകും. ഇത്തരമൊരു സാഹചര്യം രാഷ്ട്രീയമായ തിരിച്ചടിക്ക് കാരണമായേക്കുമെന്ന വിലയിരുത്തലാണ് അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് സര്‍ക്കാരിനെ പ്രേരിപ്പിക്കുന്ന ഘടകം.