ആലിബാബയുടെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് ജാക്ക് മാ പടിയിറങ്ങുന്നു

ചൈനീസ് ഓണ്‍ലൈന്‍ വിപണിയില്‍ വിജയഗാഥ രചിച്ച് ലോകത്തെ ഏറ്റവും വലിയ കമ്പനികളുടെ നിരയിലേക്ക് ഉയര്‍ന്ന ആലിബാബയുടെ അദ്ധ്യക്ഷ സ്ഥാനത്ത നിന്ന് ജാക്ക് മാ ഒഴിയുന്നു. തന്റെ 55ാം ജന്മദിനത്തിലാണ് ആലിബാബയുടെ തലപ്പത്ത് നിന്ന് ജാക്ക് മാ പടിയിറങ്ങുന്നത്. 1999- ല്‍ ആരംഭിച്ച ആലിബാബയുടെ സഹസ്ഥാപകന്‍ കൂടിയാണ് ജാക്ക് മാ.

അധ്യാപകനായാണ് ജാക്ക് മാ,  ഔദ്യോഗിക ജീവിതം ആരംഭിച്ചത്. അദ്ധ്യക്ഷ പദവി ഒഴിഞ്ഞ ശേഷം ജീവകാരുണ്യ പ്രവര്‍ത്തനത്തിലും വിദ്യാഭ്യാസ മേഖലയിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ജാക്ക് മാ അറിയിച്ചു. അധ്യക്ഷസ്ഥാനം ഒഴിയുകയാണെങ്കിലും ജാക്ക് മാ അലിബാബയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ തുടരുമെന്നും കമ്പനിയുടെ മാനേജ്മെന്റിന്റ ഉപദേശകസ്ഥാനത്ത് തുടരുമെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൊവ്വാഴ്ച ജാക്ക് മാ അദ്ധ്യക്ഷസ്ഥാനം ഒഴിയുമ്പോള്‍ അത് ആലിബാബ ഓഹരികളെയും കമ്പനിയുടെ മുന്നോട്ടുള്ള പ്രയാണത്തെയും ഒട്ടും ബാധിക്കാതിരിക്കാന്‍ വലിയ മുന്‍കരുതലുകളാണ് സ്വീകരിച്ചിരിക്കുന്നത്. അധികാരക്കൈമാറ്റത്തിന്റെ നടപടികള്‍ ഒരു വര്‍ഷം മുമ്പേ ആരംഭിച്ചിരുന്നു. അദ്ധ്യക്ഷസ്ഥാനത്തു് നിന്നുള്ള തന്റെ പടിയിറക്കം ഒരു യുഗത്തിന്റെ അവസാനമല്ല തുടക്കമാണെന്നാണ് കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ജാക്ക് മാ പറഞ്ഞത്.