ഇന്ത്യയുടെ സാമ്പത്തിക വളർച്ച ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ, ജൂൺ പാദത്തിൽ ജി.ഡി.പി 5%

ആറു വർഷത്തിനിടെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ മന്ദഗതിയിലായതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. നടപ്പ് സാമ്പത്തിക വർഷത്തിന്റെ (2019-20) ആദ്യ പാദത്തിൽ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) വളർച്ച 5 ശതമാനമാണ്. മുൻ പാദത്തിൽ ഇത് 5.8 ശതമാനമായിരുന്നു. 2018 ജൂൺ 30 ന് അവസാനിച്ച പാദത്തിൽ 8.0 ശതമാനവും.

കാറു മുതൽ ബിസ്കറ്റു വരെയുള്ള ഉത്പന്നങ്ങളുടെ വിൽപ്പനയിലെ മാന്ദ്യവും മേഖലകളിലെ ലക്ഷക്കണക്കിന് തൊഴിൽ നഷ്ടങ്ങളും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ ബാധിച്ചുവെന്ന് വിദഗ്ധർ പറയുന്നു.

സാമ്പത്തിക മാന്ദ്യം പരിഹരിക്കുന്നതിന് ഘടനാപരവും ചാക്രികവുമായ പ്രശ്നങ്ങൾ സർക്കാർ പരിഹരിക്കേണ്ടതുണ്ടെന്ന് ഇന്ത്യാ റേറ്റിംഗിന്റെ മുഖ്യ സാമ്പത്തിക വിദഗ്ധൻ ദേവിന്ദ്ര പന്ത് പറഞ്ഞു.