എണ്ണ നീക്കം നിലച്ചാൽ നമുക്ക് എത്ര ദിവസം പിടിച്ചു നിൽക്കാൻ കഴിയും ?

ഡ്രോൺ ആക്രമണം നടന്നത് അങ്ങ് സൗദി അറേബ്യയിലാണ്. പക്ഷെ, ആശങ്ക കനക്കുന്നത് ഇന്ത്യയിലും. ക്രൂഡ് ഓയിൽ വില ഉയരുന്നത് മൂലം ഇന്ത്യൻ മാർക്കറ്റിൽ പെട്രോൾ, ഡീസൽ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ വില വർദ്ധിച്ചേക്കുമെന്ന ആശങ്കയാണ് ശക്തമാകുന്നത്. എന്നാൽ മറ്റൊരു തരത്തിൽ ഇത് ഇന്ത്യക്ക് മേൽ ശക്തമായ ഭീഷണിയായി വളരുകയും ചെയ്യുന്നു. കാരണം ഈ പ്രശ്നങ്ങൾ ഒരു യുദ്ധ സാഹചര്യത്തിലേക്ക് നീങ്ങുമോ എന്നതാണ് അത്. അങ്ങനെ വന്നാൽ ഇന്ത്യ കടുത്ത ഇന്ധന പ്രതിസന്ധിയിലേക്ക് നീങ്ങാൻ സാദ്ധ്യതയുണ്ട്.

എണ്ണയുടെ കാര്യത്തിലെ നമ്മുടെ കരുതൽ ശേഖരം എങ്ങനെയാണെന്ന് നോക്കാം.

87 ദിവസത്തേക്ക് ഉപയോഗിക്കുന്നതിനുള്ള ക്രൂഡ് ഓയിലിന്റെ കരുതൽ ശേഖരമാണ് എല്ലാ ഓയിൽ കമ്പനികളുടെ പക്കലുമായി ഉള്ളത്. വിശാഖപട്ടണത്ത് 13 .3 ലക്ഷം ടൺ ശേഖരിക്കുന്നു. മംഗലാപുരത്ത് 15 ലക്ഷം ടണ്ണിന്റെ സ്റ്റോക്ക് സൂക്ഷിക്കുന്നു. പിന്നെയുള്ളത് പാടൂരിലാണ്. അവിടെ 25 ലക്ഷം ടണ്ണും കരുതലായി സൂക്ഷിക്കുന്നു. ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോൾ റിസർവ് എന്ന സ്ഥാപനത്തിനാണ് അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനുള്ള ക്രൂഡ് സ്റ്റോക്കിന്റെ നിയന്ത്രണ ചുമതല.

സാധാരണയായി ഓയിൽ റിഫൈനറികൾ 65 ദിവസത്തേക്ക് വേണ്ട അസംസ്‌കൃത എണ്ണ സൂക്ഷിക്കുന്നു. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതുവരെ ഇന്ത്യ പ്രതിദിനം 45 ലക്ഷം ടൺ ക്രൂഡ് ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇതിന്റെ 78 ശതമാനവും എത്തിയത് ഒപെക് രാജ്യങ്ങളിൽ നിന്നാണ്. അമേരിക്കയിൽ നിന്നുള്ള ഇറക്കുമതി ഇക്കാലയളവിൽ 213 ശതമാനം കൂടി.