ഇന്ത്യൻ സമ്പദ്ഘടന ദുർബലം, കര കയറാൻ സമയമെടുക്കും: നൊബേൽ ജേതാവ് അഭിജിത് ബാനർജി

നിലവിലെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സ്ഥിതി അതീവ ദുർബലമാണെന്ന് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം പങ്കിട്ട ഇന്ത്യൻ വംശജനായ അഭിജിത് ബാനർജി അഭിപ്രായപ്പെട്ടു. ‘‘സാമ്പത്തികവളർച്ചയെ കുറിച്ചുള്ള ഇപ്പോഴത്തെ കണക്കുകൾ വെച്ചു നോക്കുമ്പോൾ സമീപഭാവിയിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ പുനരുജ്ജീവിക്കുമെന്ന കാര്യത്തിൽ ഉറപ്പില്ല’’.“കഴിഞ്ഞ അഞ്ചാറുവർഷം അല്ലറചില്ലറ വളർച്ചയ്ക്കു നാം സാക്ഷികളായി. എന്നാൽ, ഇപ്പോൾ ആ ഉറപ്പ് നഷ്ടമായിരിക്കുന്നു.” ദാരിദ്ര്യനിർമ്മാർജ്ജനത്തിന് പരീക്ഷണാധിഷ്ഠിത സമീപനം സ്വീകരിച്ചതിനാണ് ബാനർജിയുൾപ്പെടെ മൂന്നുപേർക്ക് നൊബേൽ ലഭിച്ചത്. “20 വർഷമായി ഞാൻ ഈ ഗവേഷണം നടത്തുന്നു. ദാരിദ്ര്യനിർമ്മാർജ്ജനത്തിന് പരിഹാരങ്ങൾ നിർദേശിക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്” -അദ്ദേഹം പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രകടന പത്രികയിൽ മുന്നോട്ട് വെച്ച ന്യായ എന്ന പദ്ധതിയുടെ ഉപജ്ഞാതാക്കളിൽ പ്രമുഖനായിരുന്നു അദ്ദേഹം. 60 വയസ് കഴിഞ്ഞ കർഷകർക്ക് വർഷത്തിൽ 12,000 രൂപ നൽകുന്ന പദ്ധതിയായിരുന്നു ഇത്.
നേരത്തെ നോട്ട് നിരോധനത്തെയും ജി എസ് ടി നടപ്പാക്കിയതിനെയും അഭിജിത് ബാനർജി നിശിതമായി വിമർശിച്ചിരുന്നു. സാമ്പത്തിക ശാസ്ത്രത്തിന് നൊബേൽ സമ്മാനം നേടിയ അമർത്യ സെന്നും പ്രമുഖ സാമ്പത്തിക വിദഗ്ദനായ രഘുറാം രാജനും ഇക്കാര്യത്തെ നിശിതമായി വിമർശിച്ചിരുന്നു.