ഇന്ത്യൻ ബാങ്കിംഗ് രംഗം കടുത്ത സമ്മർദ്ദത്തിൽ, സർക്കാരിന് ഇതിനെ കുറിച്ച് ധാരണയില്ലെന്ന് അഭിജിത് ബാനർജി

ഇന്ത്യയിലെ ബാങ്കിംഗ് മേഖല കടുത്ത സമ്മർദ്ദത്തിലാണെന്ന് നൊബേൽ സമ്മാന ജേതാവും വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞനുമായ അഭിജിത് ബാനർജി. ഇന്ത്യൻ ബാങ്കിംഗ് മേഖല നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണെന്നും ഇത് നേരിടുന്നതിന് കേന്ദ്ര ഗവണ്മെന്റ് ശക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന് ബാങ്കിംഗ് രംഗത്തെ ജാമ്യത്തിൽ എടുക്കാവുന്ന അവസ്ഥയല്ല ഇപ്പോഴുള്ളത് – ജയ്‌പൂർ സാഹിത്യ സമ്മേളനത്തിനെത്തിയ അദ്ദേഹം വ്യക്തമാക്കി.

കാറുകളുടെയും ഇരു ചക്രവാഹനങ്ങളുടെയും ഡിമാന്റിൽ ഉണ്ടായിരിക്കുന്ന ഇടിവ് ജനങ്ങൾക്ക് സമ്പദ്ഘടനയിൽ വിശ്വാസം ഇല്ലാതായതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങൾ വാങ്ങുന്നത് പരിമിതപ്പെടുത്തുകയോ മാറ്റി വെയ്ക്കുകയോ ചെയ്യുകയാണ്. സാമ്പത്തിക രംഗം നേരിടുന്ന വിശ്വാസരാഹിത്യമാണ് ഇതിന് കാരണം – ബാനർജി പറഞ്ഞു.

ഇന്ത്യയിലെ സാമ്പത്തിക രംഗത്തെ കുറിച്ചുള്ള കണക്കുകളിൽ വിദേശ നിക്ഷേപകർക്ക് സംശയമുണ്ട്. ഇത് ഇന്ത്യയുടെ ആഗോള സാമ്പത്തിക രംഗത്തെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് സർക്കാരിന് വ്യക്തതയില്ല. പ്രതിസന്ധി പരിഹരിക്കാൻ ഗവണ്മെന്റ് ആഗ്രഹിക്കുന്നുവെങ്കിൽ കൃത്യമായ വിവരങ്ങൾ ജനങ്ങൾക്ക് മുൻപിൽ വെയ്ക്കുകയാണ് വേണ്ടത് – അഭിജിത് ബാനർജി പറഞ്ഞു.