യു.എസ് നീക്കത്തിനെതിരെ തിരിച്ചടിക്കാൻ ഒരുങ്ങി ഇന്ത്യ

560 കോടി ഡോളറിന്റെ ഉത്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ സൗജന്യം പിൻവലിച്ച യു. എസ് നടപടിക്ക് തിരിച്ചടി നല്കാൻ ഒരുങ്ങി ഇന്ത്യ. 1060 കോടി  ഡോളർ മൂല്യം വരുന്ന അമേരിക്കൻ ഉത്പന്നങ്ങളുടെ തീരുവ ഉയർത്തുന്നതിന് ഇന്ത്യ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.

2018 ജൂണിൽ ആൽമണ്ട്, ആപ്പിൾ , ഫോസ്ഫോറിക് ആസിഡ് തുടങ്ങിയ ഏതാനും ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഇന്ത്യ വർധിപ്പിച്ചിരുന്നു. ഇന്ത്യയിൽ നിന്നുള്ള, സ്റ്റീൽ, അലുമിനിയം ഉത്പന്നങ്ങളുടെ തീരുവ വാഷിംഗ്ടൺ ഏകപക്ഷീയമായി കൂട്ടിയതിനെ തുടർന്നായിരുന്നു ഇൻഡ്യയുടെ നടപടി. എന്നാൽ തർക്കങ്ങൾ പരിഹരിക്കുന്നതിനായി ചർച്ചകൾ നടക്കുന്ന പശ്ചാത്തലത്തിൽ ഈ തീരുമാനം നടപ്പാക്കുന്നത് ഇന്ത്യ മാറ്റി വെച്ചിരുന്നു. ഇത് ഏപ്രിൽ ഒന്ന് മുതൽ നടപ്പാക്കാനാണ് ഇപ്പോൾ ആലോചിക്കുന്നത്.

ഇന്ത്യ ഇ- കൊമേഴ്‌സ് രംഗത്ത് ഏർപ്പെടുത്തിയ ചില കർശന നിബന്ധനകൾ അമേരിക്കയെ ചൊടിപ്പിച്ചിരുന്നു. ആമസോൺ, വാൾമാർട്ട് തുടങ്ങിയ വമ്പൻ അമേരിക്കൻ കമ്പനികൾക്ക് ഇത് പ്രശ്നം സൃഷ്ടിച്ചതായി അമേരിക്ക പറയുന്നു. ഈ നടപടികളിലെ പ്രതിഷേധം എന്ന നിലക്കാണ് അമേരിക്ക താരിഫ് ഇളവുകൾ പിൻവലിച്ചത്. ചില പ്രത്യേക പരിഗണനകളുടെ അടിസ്ഥാനത്തിൽ 560 കോടി ഡോളറിന്റെ ഉത്പന്നങ്ങൾ നികുതി ഇല്ലാതെയാണ് അമേരിക്കൻ മാർക്കറ്റിൽ എത്തിയിരുന്നത്. ഇത് പിൻവലിക്കാനാണ് പ്രസിഡന്റ് ട്രംപ് തിങ്കളാഴ്ച തീരുമാനിച്ചത്.

കാർഷിക ഉത്പന്നങ്ങളും സമുദ്രോത്പന്നങ്ങളും കൈത്തറി ഉത്പന്നങ്ങളുമാണ് ഇത്തരത്തിൽ ഡ്യൂട്ടി ഇല്ലാത്ത അമേരിക്കൻ മാർക്കറ്റിൽ ഇന്ത്യ വിറ്റിരുന്നത്. ഇവയുടെ കയറ്റുമതിയെ ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.
കഴിഞ്ഞ വർഷം ഹാർലി ഡേവിഡ്സൺ ബൈക്കിന്റെ ഇറക്കുമതി തീരുവയെ ചൊല്ലി ട്രംപ് ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. അമേരിക്കയുടെ സമ്മർദ്ദത്തെ തുടർന്ന് ഇന്ത്യ, ഹാർലി ഡേവിഡ്‌സൺ ബൈക്കുകളുടെ തീരുവ 50 ശതമാനമായി കുറച്ചിരുന്നു. എന്നാൽ അദ്ദേഹം ഇതിൽ തൃപ്തനായിരുന്നില്ല. ഇന്ത്യൻ നിർമ്മിത ബൈക്കുകൾക്ക് അമേരിക്കയിൽ നികുതിയില്ല. അതിനാൽ ഇന്ത്യയും നികുതി ഒഴിവാക്കണമെന്ന നിലപാടാണ് അമേരിക്കക്ക്. അങ്ങനെ ചെയ്താൽ അത് ഇന്ത്യൻ ബൈക്ക് നിർമ്മാണ മേഖലയെ തകർക്കും.

Read more

അതിനു ശേഷമാണ് ഇന്ത്യ – അമേരിക്ക വ്യാപാര ബന്ധം മോശമാകുന്നത്. ചൈനക്കെതിരെ കടുത്ത വ്യാപാര യുദ്ധത്തിലാണ് അമേരിക്ക. അടുത്തിടെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കെതിരെയും വാഷിംഗ്ടൺ കർശന നിലപാടിലേക്ക് നീങ്ങിയിരുന്നു.