ഐ സി ഐ സി ഐ ബാങ്കിനെതിരെ മുൻ മാനേജിങ് ഡയറക്ടർ കോടതിയിൽ

തന്നെ പിരിച്ചു വിട്ട നടപടിക്കെതിരെ ഐ സി ഐ സി ഐ ബാങ്കിനെതിരെ മുൻ മാനേജിങ് ഡയറക്ടർ കോടതിയിലേക്ക്. സർവീസിൽ നിന്ന് പിരിച്ചു വിടാൻ ബാങ്കിന്റെ ഡയറക്ടർ ബോർഡ് എടുത്ത തീരുമാനത്തെ ചോദ്യം ചെയ്താണ് മുൻ മാനേജിങ് ഡയറക്ടറും സി ഇ ഒയുമായ ചന്ദ കൊച്ചാർ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. പിരിച്ചു വിട്ടതിനു പുറമെ 2009 ഏപ്രിൽ മുതൽ 2018 മാർച്ച് വരെയുള്ള കാലയളവിൽ വാങ്ങിയ ബോണസ്, ജീവനക്കാർക്ക് അനുവദിച്ച ഷെയറുകൾ തുടങ്ങിയ ആനുകൂല്യങ്ങളും തിരിച്ചടക്കണമെന്ന് ബാങ്ക് അവരോട് ആവശ്യപ്പെട്ടിരുന്നു.
കേസ് ഡിസംബർ രണ്ടിന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ഐ സി ഐ സി ഐ ബാങ്ക് നിയോഗിച്ച ജസ്റ്റിസ് ശ്രീകൃഷ്ണ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബാങ്ക് ചന്ദ കൊച്ചറിനെ പിരിച്ചുവിട്ടത്.

വീഡിയോകോൺ എന്ന കമ്പനിക്ക് വൻ തുക വായ്പ അനുവദിക്കുന്നതിന് മാനേജിങ് ഡയറക്ടർ എന്ന പദവി ദുരുപയോഗം ചെയ്തു എന്നതാണ് ചന്ദക്കെതിരെ ഉയർന്ന ആരോപണം. വിവിധ ബാങ്കുകൾക്കായി മൊത്തം 40,000 കോടി രൂപയുടെ വായ്പ തിരിച്ചടക്കാനുള്ള വീഡിയോകോൺ ഐ സി ഐ സി ഐ ബാങ്കിന് നൽകാനുള്ളത് 3318 കോടി രൂപയാണ്.