സിദ്ധാർത്ഥിന്റെ തിരോധാനം : കഫെ കോഫി ഡേ ഷെയറുകൾ തകർന്നു, വ്യാപാരം നിർത്തി വച്ചു

കമ്പനി സ്ഥാപകനായ വി ജി സിദ്ധാർത്ഥയുടെ തിരോധാനം കഫെ കോഫി ഡേ ഓഹരികളിൽ ഇന്ന് വൻ ഇടിവിന് കാരണമായി. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ കഫേ കോഫി ഡേ എന്റർപ്രൈസസിന്റെ വില 20 ശതമാനം കുറഞ്ഞ 154 .05 രൂപയിലെത്തി. വൻ ഇടിവിനെ തുടർന്ന് ഈ ഷെയറിന്റെ വ്യാപാരം താത്കാലികമായി നിർത്തി വച്ചു. 153 .40 രൂപയാണ് എൻ എസ് ഇ യിൽ ഈ ഓഹരിയുടെ വില.

കമ്പനിയുടെ സ്ഥാപകൻ വി ജി സിദ്ധാർത്ഥയെ ഇന്നലെ രാത്രി മുതൽ കാണാതായതാണ് ഓഹരി വിലകളിൽ ഇടിവിന് കാരണമായത്. 325 രൂപ വരെ വില ഉണ്ടായിരുന്ന ഓഹരികളാണ് ഇപ്പോൾ കൂപ്പ് കുത്തിയിരിക്കുന്നത്.
ഇന്നലെ രാത്രി ഒമ്പത് മണിയോടെ അദ്ദേഹം ഉള്ളാൾ എന്ന സ്ഥലത്തുള്ള പാലത്തിൽ നിന്ന് നേത്രാവതി നദിയിലേക്ക് ചാടി എന്നാണ് പോലീസിന്റെ നിഗമനം. അദ്ദേഹത്തിനായുള്ള തിരച്ചിൽ ഊർജിതമായി നടക്കുകയാണ്. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.