ഏപ്രിൽ ഒന്ന് മുതൽ മൊബൈൽ ഫോണുകളുടെ ജിഎസ്ടി 12-ൽ നിന്നും 18 ശതമാനമായി വർദ്ധിപ്പിക്കും

മൊബൈൽ ഫോണുകളുടെ ജിഎസ്ടി നിരക്ക് 12 ശതമാനത്തിൽ നിന്ന് 18 ശതമാനമായി ഉയർത്താൻ മാർച്ച് 14 ശനിയാഴ്ച ജിഎസ്ടി കൗൺസിൽ തീരുമാനിച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ഇത് ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും.

വിമാനത്തിനായുള്ള മെയിന്റനൻസ് റിപ്പയർ ഓവർഹോൾ (എംആർഒ) സർവീസുകളുടെ ജിഎസ്ടി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്ക്കാനും കൗൺസിൽ തീരുമാനിച്ചു. കൈകൊണ്ട് നിർമ്മിച്ചതും യന്ത്രത്തിൽ നിർമ്മിച്ചതുമായ തീപെട്ടിയുടെ നികുതി നിരക്ക് 12 ശതമാനമാക്കി.

കേന്ദ്ര ധനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രണ്ട് കോടി രൂപയിൽ താഴെ വിറ്റുവരവുള്ള സ്ഥാപനങ്ങൾ സാമ്പത്തിക വര്ഷം 2018, 2019 ലെ വാർഷിക റിട്ടേൺ സമർപ്പിക്കാൻ വൈകിയതിനുള്ള ഫീസ് ഒഴിവാക്കാനും തീരുമാനിച്ചു.

ജിഎസ്ടി അടയ്ക്കാൻ കാലതാമസം നേരിടുന്നതിന് ജൂലൈ 1 മുതൽ അറ്റനികുതി ബാധ്യതയ്ക്ക് പലിശ ഈടാക്കുമെന്നും മന്ത്രി പറഞ്ഞു.

സിസ്റ്റം തടസ്സരഹിതമാണെന്ന് ഉറപ്പാക്കാൻ കൂടുതൽ വിദഗ്ധരായ ജീവനക്കാരെ വിന്യസിക്കാനും ജിഎസ്ടി നെറ്റ്‌വർക്കിന്റെ ഹാർഡ്‌വെയറിന്റെ ശേഷി വർദ്ധിപ്പിക്കാനും ജിഎസ്ടി കൗൺസിൽ ഇൻഫോസിസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജിഎസ്ടിഎൻ രൂപകൽപ്പന ചെയ്ത ഇൻഫോസിസിനോട് 2020 ജൂലൈയിൽ മെച്ചപ്പെട്ട ജിഎസ്ടിഎൻ സംവിധാനം നൽകാൻ കൗൺസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.