ജി.എസ്.ടി നഷ്ടപരിഹാരം നികത്താന്‍ സെസ് കൂട്ടാനൊരുങ്ങി കേന്ദ്രം

സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്നതിന് നികുതിക്ക് പുറമേയുളള സെസ് വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ നടക്കാനിരിക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. എന്നാല്‍, നികുതി വര്‍ദ്ധിപ്പിക്കുന്നതിനോട് ധനമന്ത്രിക്ക് താത്പര്യക്കുറവുണ്ട്. എങ്കിലും സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍, സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കുന്നതിനായി നേരിയ സെസ് വര്‍ദ്ധന ഉണ്ടായേക്കുമെന്നാണ് സൂചന.

Read more

ഇതിന് പുറമേ വിവിധ തലങ്ങളില്‍ നിന്ന് നികുതി നിരക്കുകളില്‍ പരിഷ്‌കരണം വേണമെന്ന ആവശ്യവും കേന്ദ്ര സര്‍ക്കാരിന് മുന്നിലുണ്ട്. സെസ് മാര്‍ഗം 98,327 കോടി രൂപ മാര്‍ച്ച് 31 ന് മുമ്പ് പിരിച്ചെടുക്കാന്‍ കഴിയുമെന്നാണ് ബജറ്റ് രേഖകളിലൂടെ സര്‍ക്കാര്‍ അവകാശവാദം ഉന്നയിക്കുന്നത്. ഇക്കാര്യങ്ങളും വരുന്ന കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയായേക്കും.