3000 കോടി രൂപയുടെ ‘എനിമി ഷെയറുകൾ’ സർക്കാർ വിൽക്കുന്നു

ആഭ്യന്തര മന്ത്രാലയത്തിന്റെ കസ്റ്റഡിയിലുള്ള 3000 കോടി മതിപ്പ് വിലയുള്ള ‘എനിമി ഷെയറുകൾ’ വിൽക്കാൻ കേന്ദ്ര മന്ത്രിസഭാ തീരുമാനിച്ചു. 1150 കോടി രൂപ മൂല്യം വരുന്ന വിപ്രോയുടെ ഷെയറുകളാണ് ഇതിൽ വലിയ പങ്ക്. എൽ ഐ സിക്കാണ് ഇതിൽ കൂടുതൽ ഷെയറുകളും വിറ്റത് . ജനറൽ ഇൻഷുറൻസ് കോർപറേഷൻ, ന്യൂ ഇന്ത്യ അഷ്വറൻസ് എന്നിവയും ഓഹരികൾ വാങ്ങിയിട്ടുണ്ട്. വിപ്രോയുടെ 4.3 കോടി ഷെയറുകളാണ് ഇപ്രകാരം ഷെയർ ഒന്നിന് 258 രൂപ വില വെച്ച് വിറ്റിരിക്കുന്നത്. ഇതിൽ 3.8 കോടി ഓഹരികളും എൽ ഐ സിയാണ് വാങ്ങിയിരിക്കുന്നത്.

ഇന്ത്യയുടെ ശത്രു രാജ്യങ്ങളിലെ പൗരന്മാരുടെ കൈവശമുള്ള ഓഹരികൾ ഉൾപ്പടെയുള്ള സ്വത്തുക്കൾ 1968ലെ എനിമി പ്രോപ്പർട്ടി ആക്ട് പ്രകാരം പിടിച്ചെടുത്തിരുന്നു. ഈ രീതിയിൽ പിടിച്ചെടുത്ത ഓഹരികളാണ് ഇപ്പോൾ ഇന്ത്യൻ കമ്പനികൾക്ക് കൈമാറാൻ തീരുമാനിച്ചത്. പാകിസ്ഥാൻ പൗരന്മാരുടെ കൈവശമുള്ള ഓഹരികളാണ് ഇങ്ങനെ പിടിച്ചെടുത്തതിൽ അധികവും. ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിൽ വരുന്ന കസ്റ്റോഡിയൻ ഓഫ് എനിമി പ്രോപ്പർട്ടി ഓഫ് ഇന്ത്യ എന്ന വിഭാഗത്തിനാണ് ഇത്തരം സ്വത്തുക്കളുടെ കൈകാര്യ ചുമതല.

ഈ ഇനത്തിലുള്ള വരുമാനം ഡിസ് ഇൻവെസ്റ്റ്‌മെന്റ് വരുമാനമായാണ് കണക്കാക്കപ്പെടുക.ഇത്തരത്തിൽ 996 കമ്പനികളുടെ 6 .5 കോടി ഓഹരികളാണ് സർക്കാരിന്റെ കയ്യിലുള്ളത്.