മസാല ബോണ്ടിൽ ചർച്ചക്ക് ഒരുക്കമെന്ന് സർക്കാർ

കിഫ്ബി പദ്ധതികൾക്ക് മൂലധന വിപണിയിൽ നിന്ന് ഫണ്ട് സ്വരൂപിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച മസാല ബോണ്ടുകൾ അധിക സാമ്പത്തിക ബാധ്യതക്ക് ഇടയാക്കുമെന്ന പ്രതിപക്ഷ വിമര്‍ശനം നിലനിൽക്കെ ഇക്കാര്യത്തിൽ നിയമസഭയിൽ പ്രത്യേക ചര്‍ച്ചക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. കക്ഷി നേതാക്കളെല്ലാം ചര്‍ച്ചയിൽ പങ്കെടുക്കും.

മസാല ബോണ്ടിലെ വ്യവസ്ഥകൾ ദുരൂഹമാണെന്നും സംസ്ഥാന സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതക്ക് ഇടയാക്കുമെന്നും അതുകൊണ്ട് വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നുമായിരുന്നു പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസിൽ ആവശ്യപ്പെട്ടത്. കെഎസ് ശബരീനാഥൻ നൽകിയ നോട്ടീസനുസരിച്ച് സഭയിൽ പ്രത്യേക ചര്‍ച്ച ആകാമെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. ശ്രദ്ധ ക്ഷണിക്കലും സബ്മിഷനും ശേഷം വിഷയം ചര്‍ച്ച ചെയ്യാനാണ് തീരുമാനം.

കിഫ്ബി പദ്ധതികൾക്ക് പണം സമാഹരിക്കുന്നതിന് മസാല ബോണ്ട് ഇറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തിരഞ്ഞെടുപ്പ് കാലത്ത് അടക്കം വലിയ വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ ലണ്ടൻ യാത്രയും സ്റ്റോക് എക്സചേഞ്ചിൽ വ്യാപാരം ഓപ്പണ്‍ ചെയ്തതുമെല്ലാം വലിയ വിമര്‍ശനത്തിനും പരിഹാസത്തിനും ഇടയാക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിശദമായ ചർച്ച ആകാമെന്ന് സർക്കാർ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇടതുപക്ഷ സർക്കാർ ക്യാപിറ്റലിസ്റ്റ് രീതികളിലൂടെ ഫണ്ട് സമാഹരിക്കുന്നതിനെതിരെയും വിമർശനം ശക്തമായിരുന്നു.