സ്വർണവില സർവകാല റെക്കോഡിൽ, കേരളത്തിൽ ഒരു പവന് 25,920 രൂപ

സ്വർണവില സർവ്വകാല റെക്കോഡിൽ. ഇന്ന് പവന് 200 രൂപ കൂടി 25,920 രൂപയായി. ഗ്രാമിന് 3240 രൂപയാണ് നിരക്ക്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് സംസ്ഥാനത്ത് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. 25,800 രൂപയായിരുന്നു ഇതിന് മുമ്പ്  രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക്.

അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളില്‍ കുറവ് വരുത്തിയേക്കുമെന്ന സൂചനകളെ തുടര്‍ന്നാണ് സ്വര്‍ണവില കുതിച്ചുകയറിയത്. കടുക്കുന്ന യു.എസ് – ചൈന വ്യാപാരയുദ്ധം അമേരിക്കൻ സമ്പദ്‍വ്യവസ്ഥയെ ബാധിക്കുമെന്ന നിരീക്ഷണമാണ് പലിശ നിരക്ക് കുറയ്ക്കാന്‍ ഫെഡറൽ റിസര്‍വിനെ പ്രേരിപ്പിക്കുന്നത്.

ഇതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതോടെ സ്വര്‍ണവില കുതിച്ച് ഉയരുകയായിരുന്നു. കഴിഞ്ഞ ബജറ്റിൽ സ്വർണത്തിന്റെ കസ്റ്റംസ് തീരുവ ഉയർത്തിയതും രാജ്യത്തെ സ്വർണവില കൂടാൻ കാരണമായി. പത്തിൽ നിന്ന് 12 .5 ശതമാനമായാണ് തീരുവ ഉയർത്തിയത്. മൂന്ന് ശതമാനം ജി.എസ്.ടി കൂടി ചേരുമ്പോൾ ഇന്ത്യയിൽ മൊത്തം നികുതി 15 .5 ശതമാനമാകും. ആഗോളവിപണിയിൽ ട്രോയ് ഔൺസ് സ്വർണത്തിന് 1423 ഡോളറാണ് ഇന്നത്തെ നിരക്ക്.