സ്വർണവില അഞ്ചു വർഷത്തെ ഏറ്റവും ഉയർന്ന തോതിൽ

Advertisement

ആഗോള വിപണിയിൽ സ്വർണത്തിന്റെ വിലയിൽ മികച്ച മുന്നേറ്റം പ്രകടമായി. സ്പോട്ട് മാർക്കറ്റിൽ ഒരു ട്രോയ് ഔൺസ് സ്വർണത്തിന്റെ വില 1377.41 ഡോളറായി കുതിച്ചുയർന്നു. 2014 മാർച്ചിന് ശേഷമുള്ള ഏറ്റവും കൂടിയ വിലയാണ് ഇന്ന് വിപണിയിൽ രേഖപ്പെടുത്തിയത്. അവധി വ്യാപാരത്തിൽ വില 1397.70 ഡോളറായി ഉയർന്നിട്ടുണ്ട്. അമേരിക്ക പലിശ നിരക്കുകൾ താഴ്ത്തുമെന്ന റിപ്പോർട്ടുകളാണ് സ്വർണത്തിന്റെ വില മുന്നേറ്റത്തിന് കാരണമായത്. ഇതും ആഗോള രാഷ്ട്രീയ രംഗത്തെ, പ്രത്യേകിച്ച് ഗൾഫ് മേഖലയിലെ സംഘർഷവും സ്വർണത്തിന്റെ ഡിമാൻഡ് വർധിക്കുന്നതിന് കാരണമായതായി വിദഗ്ദർ പറഞ്ഞു.

യു. എസ് ഫെഡറൽ റിസർവ് അടുത്ത മാസം പലിശ നിരക്കുകൾ കുറയ്ക്കുമെന്ന റിപ്പോർട്ടുകൾ സജീവമാണ്. ഇത് ഡോളറിലുള്ള നിക്ഷേപത്തെ പ്രതികൂലമായി ബാധിക്കുമെന്നതാണ് സ്വർണ വിപണിയെ കൂടുതൽ സജീവമാക്കുന്നത്.
പല രാജ്യങ്ങളിലും സ്വർണം അടിസ്ഥാനമായ നിക്ഷേപ പദ്ധതികളിൽ തിരക്ക് കൂടുതലായി അനുഭവപ്പെടുന്നുണ്ട്. തുർക്കിയിൽ സ്വർണം അധിഷ്ഠിതമായ സുകുക്ക് ഇഷ്യുവിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.  ഇതിനകം എട്ടു ടൺ സ്വർണം ഈ രീതിയിലുള്ള നിക്ഷേപമായി എത്തിയതായി തുർക്കി അധികൃതർ പറഞ്ഞു.