പവന്റെ വിലയിൽ ചരിത്രനേട്ടം, 27,000 രൂപ മറികടന്നു, ഇന്ന് മാത്രം വർദ്ധിച്ചത് 400 രൂപ; വെള്ളിയുടെ വിലയും കൂടി

സ്വര്‍ണവിലയില്‍ തുടർച്ചയായ റെക്കോഡ്  മുന്നേറ്റം പ്രകടമായി. ഒരു പവന്റെ നിരക്ക് ഇന്ന് 27,200 രൂപയായി ഉയർന്നു . ഇതാദ്യമായാണ് പവന്റെ നിരക്ക് 27,000 രൂപ എന്ന മാർക്ക് മറികടക്കുന്നത്. ഗ്രാമിന് 3400 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് മാത്രം വര്‍ദ്ധിച്ചത്. ഗ്രാമിന് 3350 രൂപയും പവന് 26,800 രൂപയുമായിരുന്നു ഓഗസ്റ്റ് ആറിലെ നിരക്ക്. ഒറ്റ ദിനത്തിൽ ഒരു പവന്റെ വില 400 രൂപ കൂടുന്നതും അപൂർവമാണ്. കഴിഞ്ഞ ആറ് ദിവസത്തിനിടയിൽ മാത്രം പവൻ വില 1520 രൂപ കൂടിയിട്ടുണ്ട് .

ആഗോള വിപണിയിൽ ട്രോയ് ഔൺസ് സ്വർണത്തിന് 1485.01 ഡോളറാണ് ഇന്നത്തെ നിരക്ക്. 12.27 ഡോളറിന്‍റെ വര്‍ദ്ധനയാണ് സ്വര്‍ണവിലയിലുണ്ടായത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 20 ശതമാനത്തിന്റെ വർദ്ധനയാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സ്വർണവില കൂടുന്നതിനോപ്പം വെള്ളിയുടെ വിലയിലും വര്‍ദ്ധനയുണ്ട്.

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകുന്നതും രൂപയുടെ മൂല്യത്തകർച്ചയും ഇന്ത്യൻ വിപണിയിൽ സ്വർണവില ഉയരാൻ ഇടയാക്കിയിട്ടുണ്ട്. വേൾഡ് ഗോൾഡ് കൗൺസിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇന്ത്യ 213 ടൺ സ്വർണം ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇറക്കുമതിയിൽ കഴിഞ്ഞ വർഷത്തേക്കാൾ 13 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഓണം, വിവാഹ സീസണുകൾ തുടങ്ങുന്നതിനാൽ വില വീണ്ടും ഉയരാന്‍ സാധ്യതയുണ്ട്.