മാന്ദ്യം ശക്തമാകുന്നു ; സാമ്പത്തിക വളർച്ചയിൽ വൻ ഇടിവെന്ന് എസ്.ബി.ഐ റിപ്പോർട്ട്, രണ്ടാം പാദ വളർച്ച 4 .2 ശതമാനം മാത്രം

ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള രണ്ടാം പാദത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച കാര്യമായി താഴുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോർട്ട്. ഈ ത്രൈമാസത്തിൽ ജി ഡി പി വളർച്ച നിരക്ക് 4.2 ശതമാനത്തിലേക്ക് ഇടിയുമെന്നാണ് റിപ്പോർട്ട് പറയുന്നത്. വാഹന വിപണിയിൽ പ്രകടമായിരിക്കുന്ന ഇടിവ്, അടിസ്ഥാന നിർമ്മാണ മേഖലകളിലെ കുറഞ്ഞ നിക്ഷേപം തുടങ്ങിയ ഘടകങ്ങളാണ് ഇതിനു കാരണമാകുന്നതെന്ന് എസ് ബി ഐ റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ഒന്നാം പാദത്തിൽ അഞ്ചു ശതമാനമായിരുന്നു വളർച്ചാനിരക്ക്.

നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ചാനിരക്ക് അഞ്ചു ശതമാനമായിരിക്കുമെന്ന നിഗമനമാണ് റിപ്പോർട്ടിലുള്ളത്. നേരത്തെ ഇത് 6.1 ശതമാനമായിരിക്കുമെന്നാണ് എസ് ബി ഐ കണക്കാക്കിയിരുന്നത്. എ ഡി ബി, ഐ എം എഫ്, വേൾഡ് ബാങ്ക്, റിസർവ് ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളും ഇന്ത്യയുടെ വളർച്ചാനിരക്ക് താഴുമെന്ന് റിപ്പോർട്ടുകൾ നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് സ്റ്റേറ്റ് ബാങ്കും വളർച്ചാനിരക്കിൽ ഇടിവുണ്ടാകുമെന്ന് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. ഇന്ത്യയുടെ റേറ്റിംഗ് മൂഡീസ് ഉൾപ്പടെയുള്ള രാജ്യാന്തര റേറ്റിംഗ് ഏജൻസികൾ താഴ്ത്തുകയും ചെയ്തു. ധനകമ്മി കൂടുതലാകുന്നു എന്നതാണ് റേറ്റിംഗ് കുറയ്ക്കാൻ കാരണമായത്.

അതിനിടെ,  സെപ്റ്റംബർ മാസത്തെ ഇന്ത്യയുടെ വ്യവസായ വളർച്ച കുറഞ്ഞു. 4.3 ശതമാനമായാണ് കുറഞ്ഞത്. കഴിഞ്ഞ എട്ടു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വ്യാവസായിക വളർച്ചാനിരക്കാണ് സെപ്റ്റംബറിൽ രേഖപ്പെടുത്തിയത്.