ഗരുഡ എയർലൈൻസ് ബോയിംഗ് മാക്സ് വിമാനങ്ങളുടെ ഓർഡർ റദ്ദാക്കി

എത്യോപ്യയിൽ ഉണ്ടായ വിമാന ദുരന്തത്തെ തുടർന്ന് ഇൻഡോനേഷ്യയിലെ ഗരുഡ എയർലൈൻസ് ബോയിംഗ് 737 മാക്സ് വിമാനങ്ങളുടെ ഓർഡറുകൾ കാൻസൽ ചെയ്തു. ലോകത്ത് പല ഭാഗങ്ങളിലായി അപകടത്തിൽ പെട്ട വിമാനമാണ് ബോയിംഗ്737 മാക്സ്. ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളും ഈ വിമാനം പറത്തുന്നത് നിരോധിച്ചുവെങ്കിലും പുതിയ വിമാനങ്ങൾക്കുള്ള ഓർഡർ റദ്ദാക്കുന്ന ആദ്യരാജ്യം ഇൻഡോനേഷ്യയാണ്. 50 വിമാനങ്ങൾക്കുള്ള ഓർഡറാണ് റദ്ദാക്കുന്നതെന്ന് ഗരുഡ ചീഫ് ഫിനാൻഷ്യൽ ഓഫിസർ ഫൗദ് റിസൽ പറഞ്ഞു.490 കോടി ഡോളറിന്റേതാണ് ഈ ഓർഡർ.

എന്നാൽ ബോയിങ്ങിന്റെ മറ്റ് മോഡലുകൾ വാങ്ങുന്ന കാര്യം പരിഗണിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബോയിങ്ങിന്റെ എതിരാളികളായ എയർബസിന് ഓർഡർ മാറ്റി നൽകില്ലെന്നും വ്യക്തമാക്കി.ബോയിങ്ങിന്റെ പ്രതിനിധികൾ ജക്കാർത്തയിൽ എത്തി ചർച്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. മൊത്തം 5000 വിമാനങ്ങൾക്കുള്ള ഓർഡറുകളാണ് കമ്പനിയുടെ ഓർഡർ ബുക്കിൽ ഉള്ളത്.

എത്യോപ്യയിൽ ഈയിടെ ഉണ്ടായ അപകടത്തിൽ ബോയിംഗ് 737 മാക്സ് വിമാനം തകർന്ന്‌ 157 പേർ മരിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇൻഡോനേഷ്യയിലെ മറ്റൊരു വിമാനക്കമ്പനിയായ ലയൺ എയറിന്റെ
മാക്സ് വിമാനം കടലിൽ തകർന്നു വീണിരുന്നു. ഈ വിമാനം കണ്ടെത്താൻ പോലും കഴിഞ്ഞില്ല. പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകുന്ന കാര്യം ഈ കമ്പനിയും പുനരാലോചിക്കുകയാണ്. ഇപ്പോൾ ഒരു ബോയിംഗ് 737 മാക്സ് വിമാനം മാത്രമാണ് ഗരുഡയ്ക്കുള്ളത്.