ഈ പയ്യന്മാരെ ഫോബ്സ് പട്ടികയില്‍ വരെ എത്തിച്ചത് 'ന്യൂസ് ഇന്‍ ഷോര്‍ട്ട്സ്'

ഒരു ഫെയ്‌സ്ബുക്ക് പേജ് തുടങ്ങി ഫോബ്സ് മാസികയുടെ പട്ടികയില്‍ വരെ എത്താന്‍ സാധിക്കുമോ? അത്ര ചിന്തിക്കുകയൊന്നും വേണ്ട, നല്ല ആശയവും അധ്വാനിക്കാനുള്ള മനോഭാവവും ഉണ്ടെങ്കില്‍ സാധ്യമാകും. 30കളിലേക്ക് പോലും എത്തിയിട്ടില്ലാത്ത ഈ മൂന്ന് പയ്യന്‍മാരുടെ കഥ അതാണ് പറഞ്ഞുതരുന്നത്.

അസര്‍ ഇഖ്ബാല്‍, ദീപിത് പര്‍കയസ്ഥ, അനുനയ് പാണ്ടെ എന്നീ മിടുക്കന്‍മാര്‍ ഫോബ്സിന്റെ 30 വയസില്‍ താഴെയുള്ള 30 പേരുടെ പട്ടികയില്‍ ഇടം നേടിയപ്പോള്‍ അത് സംരംഭകത്വത്തോട് അവരുടെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരം കൂടിയായിരുന്നു. 24 വയസിലേക്ക് കടക്കും മുമ്പേ അംഗീകാരങ്ങളാണ് ഇവരെ തേടിയെത്തിക്കൊണ്ടിരിക്കുന്നത്.

അസറും പാണ്ടെയും ഐഐടി ഡല്‍ഹിയിലും ദീപിത് ഐഐടി ഖരക്പൂരിലുമായിരുന്നു പഠിച്ചിരുന്നത്. 2013ല്‍ ഇവര്‍ക്കൊരു ചിന്ത വന്നു. ഒരു ഫെയസ്ബുക്ക് പേജ് തുടങ്ങിയാലോ. വാര്‍ത്തകള്‍ ഇഷ്ടമായിരുന്നതുകൊണ്ട് വിഷയം അതുതന്നെയാക്കി. പേജിന് പേരുമിട്ടു,”ന്യൂസ് ഇന്‍ ഷോര്‍ട്ട്സ്”. വാര്‍ത്തകളുടെ ഒരു ചെറിയ കുറിപ്പ്, അതിന്റെ ഒറിജിനല്‍ ലിങ്കോട് കൂടി പേജില്‍ ഷെയര്‍ ചെയ്യും. ഇങ്ങനെയായിരുന്നു തുടക്കം.

പേജ് പെട്ടെന്ന് ശ്രദ്ധ നേടി. കൂടുതല്‍ പേരെത്താന്‍ തുടങ്ങി. അങ്ങനെയാണ് അതൊരു സംരംഭമെന്നതിലേക്ക് മാറുന്നത്. സംരംഭകത്വ സ്വഭാവം കൈവരിച്ചതോടെ ടിലാബ്സ് സ്റ്റാര്‍ട്ടപ്പ് ആക്സിലറേറ്ററിലേക്ക് ഈ പയ്യന്‍മാര്‍ കളം മാറ്റി. ഫേസ്ബുക്ക് പേജിന്റെ തുടര്‍ച്ച എന്ന നിലയ്ക്ക് ഇവരുടെ ആദ്യ ഉല്‍പ്പന്നം പിറന്നു. ഇന്‍ഷോര്‍ട്ട്സ് എന്ന മൊബീല്‍ ആപ്ലിക്കേഷന്‍. 60 വാക്കുകളില്‍ വാര്‍ത്ത അവതരിപ്പിക്കുന്ന നവീന രീതിയാണ് ഇവര്‍ പരീക്ഷിച്ചത്.

2014 ഡിസംബര്‍ ആയപ്പോഴേക്കും തന്നെ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തവരുടെ എണ്ണം 1000,000 കടന്നു. സംരംഭം ഭാവി സാധ്യതയുള്ളതെന്ന് വിലയിരുത്തപ്പെട്ടു. ഫോബ്സ് മാസിക പോലും ഇവരെ തേടിയെത്തി. അങ്ങനെയാണ് 2016ല്‍ 30 വയസ്സില്‍ താഴെയുള്ള പ്രതിഭകളുടെ പട്ടികയില്‍ മൂന്ന് പേരും ഇടം നേടിയത്.

Read more

ടൈഗര്‍ ഗ്ലോബല്‍ പോലുള്ള വമ്പന്‍ നിക്ഷേപകര്‍ ഇന്‍ ഷോര്‍ട്ട്സിനെ തേടിയെത്തി. 2015ല്‍ മാത്രം 153 കോടി രൂപയാണ് ടൈഗര്‍ ഗ്ലോബല്‍ ഈ യുവസംരംഭത്തില്‍ മുതല്‍മുടക്കിയത്. കൂടുതല്‍ വൈവിധ്യത്തോടെ സംരംഭം മെച്ചപ്പെടുത്താന്‍ ഇത് മൂവര്‍സംഘത്തിന് സഹായകമായി. സ്റ്റാര്‍ട്ടപ്പിലുള്ള വിശ്വാസം കൂടിയതിനാലാകണം ഈ മാസം ആദ്യം ഇന്‍ഷോര്‍ട്ട്സില്‍ 32 കോടി രൂപയുടെ നിക്ഷേപത്തിന് കൂടി ടൈഗര്‍ ഗ്ലോബല്‍ മുതിര്‍ന്നു.