റിസർവ് ബാങ്കിന് പിന്നാലെ ഇന്ത്യയുടെ വളർച്ചാനിരക്കിൽ കുറവു വരുത്തി ഫിച്ച്

അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ പ്രതീക്ഷിത വളര്‍ച്ച നിരക്ക് കുറച്ചു. മുന്‍പ് ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥ 6.8 ശതമാനം വളര്‍ച്ച നിരക്ക് കൈവരിക്കുമെന്നായിരുന്നു ഫിച്ചിന്‍റെ വിലയിരുത്തൽ . എന്നാല്‍, ഇപ്പോൾ ഫിച്ച് പ്രതീക്ഷിത വളര്‍ച്ച നിരക്ക് 6.6 ശതമാനത്തിലേക്ക് താഴ്ത്തിയിരിക്കുകയാണ്. നേരത്തെ ഏഴു ശതമാനം വളർച്ച നിരക്ക് കൈവരിക്കാനാകുമെന്നാണ് റിസർവ് ബാങ്ക് വായ്പ നയത്തിൽ വ്യക്തമാക്കിയിരുന്നത്. 7 .2 ശതമാനത്തിൽ നിന്ന് റിസർവ് ബാങ്ക് കുറവ് വരുത്തുകയായിരുന്നു.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഉല്‍പാദന, കാര്‍ഷിക മേഖലകള്‍ തളര്‍ച്ചയിലാണ്. അത് ഈ വര്‍ഷവും തുടരുമെന്നാണ് ഫിച്ചിന്‍റെ വിലയിരുത്തല്‍. ഇതിനെ തുടര്‍ന്നാണ് പ്രതീക്ഷിത വളര്‍ച്ച നിരക്കില്‍ ഫിച്ച് കുറവ് വരുത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന പാദത്തില്‍ ഇന്ത്യയുടെ ജിഡിപിയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 5.8 ശതമാനമായിരുന്നു ജനുവരി – മാര്‍ച്ച് പാദത്തിലെ ജിഡിപി നിരക്ക്.

ഏറ്റവും പുതിയ ഗ്ലോബല്‍ ഇക്കണോമിക് ഔട്ട്ലുക്കില്‍ ആഗോള റേറ്റിംഗ് ഏജന്‍സി ഇന്ത്യയുടെ 2020 -21 സാമ്പത്തിക വര്‍ഷത്തെയും 2021 -22 വര്‍ഷത്തെയും വളര്‍ച്ച നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. 2020 -21 വര്‍ഷത്തില്‍ ഇന്ത്യ 7.1 ശതമാനം വളരുമെന്നാണ് വിലയിരുത്തല്‍, 2021 -22 ല്‍ അത് 7 ശതമാനമായിരിക്കുമെന്നും ഫിച്ച് കണക്കാക്കുന്നു.

ഇന്ത്യയുടെ വളര്‍ച്ച നിരക്കിനെ  ഉയർത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് റിസര്‍വ് ബാങ്ക് കഴിഞ്ഞ മൂന്ന് വായ്പ നയ അവലോകന യോഗങ്ങളിലായി 0.25 ശതമാനം വീതം റിപ്പോ നിരക്ക് കുറച്ചത്. ഈ വര്‍ഷം വീണ്ടും റിസര്‍വ് ബാങ്ക് പലിശ നിരക്കുകളില്‍ കുറവ് വരുത്തിയേക്കുമെന്നാണ് ഫിച്ച് കണക്കാക്കുന്നത്. 0.25 ശതമാനത്തിന്‍റെ കുറവുണ്ടാകുമെന്നാണ് റേറ്റിംഗ് ഏജന്‍സിയുടെ പ്രതീക്ഷ. ഇതോടെ റിപ്പോ നിരക്ക് 5.50 ശതമാനത്തിലേക്ക് താഴ്ന്നേക്കും. ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയുടെ മുന്നേറ്റം വര്‍ധിപ്പിക്കാന്‍ ഇത് ഉപകാരപ്രദമായിരിക്കുമെന്നാണ് വിലയിരുത്തല്‍.

ജൂലൈ അ‌ഞ്ചിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ രാജ്യത്തിന്‍റെ വളര്‍ച്ച നിരക്ക് ഉയര്‍ത്താനുളള നയപരമായ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.