കള്ളവണ്ടി കയറിയവരിൽ നിന്ന് റെയിൽവെ ഈടാക്കിയത് 5944 കോടി

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യൻ റെയില്‍വെ ടിക്കറ്റില്ലാതെ യാത്ര ചെയ്തവരിൽ നിന്ന് പിഴയായി നേടിയത് 5944 കോടി രൂപയെന്ന് “ദ ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ്” പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2014 ഏപ്രില്‍ മുതല്‍ 2019 മാര്‍ച്ച് വരെയുള്ള കണക്കുകളാണിത്.

രാജ്യത്ത് ദിവസവും 75,000 ഓളം ആളുകള്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നുണ്ടെന്ന് ഇന്ത്യന്‍ റെയില്‍വെ വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടെ അനധികൃത യാത്രികരുടെ എണ്ണം 60 ശതമാനത്തിലധികം കൂടിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പിഴയിനത്തിലൂടെയുള്ള വരുമാനത്തില്‍ നൂറിരട്ടിയോളം വര്‍ദ്ധനയുണ്ടായെന്നാണ് കണക്കുകള്‍. എന്നാല്‍ ടിക്കറ്റില്ലാത്ത യാത്രികരുടെ എണ്ണം 20 ശതമാനത്തോളം മാത്രമാണ് വര്‍ദ്ധിച്ചതെന്നതാണ് മറ്റൊരു കൗതുകം. 2016 ഏപ്രില്‍ മുതല്‍ 2017 മാര്‍ച്ച് വരെ 2.56 കോടി ടിക്കറ്റില്ലാ യാത്രികരെ പിടികൂടി. ഇവരില്‍ നിന്നും 952.15 കോടി രൂപ പിഴയായും ഈടാക്കി. എന്നാല്‍ 2018 ഏപ്രില്‍ മുതല്‍ 2019 മാര്‍ച്ച് വരെ 2.76 കോടി അനധികൃത യാത്രക്കാരില്‍ നിന്നും 1822.62 കോടി രൂപ പിഴയിനത്തില്‍ ലഭിച്ചു. വിവിധ റെയില്‍വെ സോണുകളിലെ ഓരോ ടിക്കറ്റ് പരിശോധകര്‍ക്കും റെയില്‍വെ പിഴ ഈടാക്കുന്നതിന് ടാര്‍ഗറ്റ് നല്‍കിയിരുന്നു. ഇതും ഗുണം ചെയ്തെന്നാണ് വിലയിരുത്തല്‍.