കടക്കെണിയില്‍ നിന്ന് രക്ഷ നേടാന്‍ ഭൂമി വില്‍ക്കാന്‍ ഒരുങ്ങി ഫാക്ട്; അനുമതി നല്‍കി കേന്ദ്രം

കടം കയറി പ്രതിസന്ധിയിലായ ഫാക്ട് ഭൂമി വില്‍ക്കാന്‍ ഒരുങ്ങുന്നു. ഭൂമി വില്‍ക്കാന്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. സംസ്ഥാന സര്‍ക്കാരിന് 481.79 ഏക്കര്‍ ഭൂമി വില്‍ക്കാനാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. വായ്പാ കുടിശ്ശിക തീര്‍ക്കാനും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമാണ് സ്ഥലവില്‍പനയിലൂടെ ലഭിക്കുന്ന തുക ഉപയോഗിക്കുക.

കൊച്ചിന്‍ ഡിവിഷനു കീഴിലുള്ള സ്ഥലമാണ് വില്‍ക്കുന്നത്. 2017 ഡിസംബറില്‍ അഡിഷണല്‍ ചീഫ് സെക്രട്ടറിയും ഫാക്ട് സി.എം.ഡിയും ധാരണാപത്രം ഒപ്പിട്ടു. 331.79 ഏക്കറിന് സെന്റൊന്നിന് 2.48 ലക്ഷം രൂപയാണ് വില. ബാക്കി വരുന്ന 150 ഏക്കറിന് സെന്റൊന്നിന് ഒരു ലക്ഷം രൂപയും. കുറഞ്ഞ വിലയ്ക്ക് 150 ഏക്കര്‍ നല്‍കുന്നതിന് പ്രത്യുപകാരമായി പാട്ടത്തിനു നല്‍കിയ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംസ്ഥാന സര്‍ക്കാര്‍ ഫാക്ടിന് നല്‍കും.

Read more

ഏലൂരില്‍ പാട്ടത്തിനു നല്‍കിയ 147 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശമാണ് ഫാക്ടിന് വിട്ടു നല്‍കുന്നത്. സ്ഥല വില്‍പനയിലൂടെ 973 കോടി രൂപ ഫാക്ടിനു ലഭിക്കും. കൂടാതെ അവിടെയുള്ള വൃക്ഷങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കുമായി 11 കോടിയും സംസ്ഥാന സര്‍ക്കാര്‍ നല്‍കും. കടം കയറി പ്രതിസന്ധിയിലായതോടെയാണ് സ്ഥലം വിറ്റ് പരിഹാരം കാണാനുള്ള ഫാക്ട് നിര്‍ദ്ദേശത്തിന് കേന്ദ്രം അനുമതി നല്‍കിയത്.