പണമിടപാടുകൾക്ക് പുതിയ ഫീച്ചറുമായി ഫെയ്സ് ബുക്ക്, ഫെയ്സ്‌ ബുക്ക് പേ ആദ്യം അമേരിക്കയിൽ

പണം കൈമാറുന്നതിനുള്ള പുതിയ ഫീച്ചറുമായി ഫെയ്സ് ബുക്ക് രംഗത്തെത്തി. അമേരിക്കയിലാണ് ഈ പുതിയ സൗകര്യം കമ്പനി ലോഞ്ച് ചെയ്തിരിക്കുന്നത്. ഫെയ്സ് ബുക്ക് പേ എന്നാണ് പുതിയ ഫീച്ചറിന് നൽകിയിരിക്കുന്ന പേര്. ഫെയ്സ് ബുക്കിന് പുറമെ വാട്ട്സാപ്പ്, ഇൻസ്റ്റാഗ്രാം, മെസഞ്ചർ എന്നീ പ്ലാറ്റ്ഫോമുകളിലും ഈ ആപ്പ് ഉപയോഗിക്കാൻ കഴിയും. ഈയാഴ്ച തന്നെ ഫെയ്സ് ബുക്കിലും മെസഞ്ചറിലും ഇത് ലഭ്യമാകും.

അമേരിക്കൻ കമ്പനികളുടെ ഫണ്ട് റൈസിംഗ്, ഗെയിം വാങ്ങൽ, ഇവെന്റുകളുടെ ടിക്കറ്റുകൾ വാങ്ങൽ, വ്യക്തിഗതമായ കൈമാറ്റം തുടങ്ങിയ നിരവധി ആവശ്യങ്ങൾക്ക് ഈ ആപ്പ് അധിഷ്ഠിത സംവിധാനം ഉപയോഗിക്കാൻ കഴിയും. ഇതിനു പുറമെ ഫെയ്സ്ബുക്കിലെ മാർക്കറ്റ് സ്‌പേസിൽ നിന്ന് സാധനങ്ങൾ വാങ്ങാനും ഇതുവഴി കഴിയുമെന്ന് കമ്പനി അറിയിച്ചു.
എല്ലാ പ്രമുഖ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളും ഇതിൽ ഉപയോഗിക്കാം. ഇന്ത്യയിൽ വാട്സാപ്പ് വഴി പുതിയ സംവിധാനം നടപ്പാക്കുമെന്ന് കമ്പനി അറിയിച്ചു. ഉപയോക്താക്കൾക്ക് പ്രത്യേക സുരക്ഷക്കായി പ്രത്യേക പിൻ നമ്പർ, ബയോ മെട്രിക് തിരിച്ചറിയൽ തുടങ്ങിയ ഫീച്ചറുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റൽ കറൻസി രംഗത്ത് കാലിബ്ര വാലറ്റ് എന്ന ഫീച്ചർ കമ്പനി നേരത്തെ അവതരിപ്പിച്ചിരുന്നു.