നഷ്ടം കുമിയുന്നു, നൂറ് കോടി ഡോളറിന് 38 വിമാനം വിറ്റ് ഇത്തിഹാദ്

അബുദാബിയുടെ ദേശീയ വിമാന കമ്പനി ഇത്തിഹാദ് എയര്‍വേസ് 38 വിമാനം വിറ്റു. 100 കോടി ഡോളറിന് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയായ കെകെആറിനും വിമാനങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന ആള്‍ട്ടാവെയര്‍ എയര്‍ ഫിനാന്‍സിനുമാണ് ഇത്തിഹാദ് വിമാനങ്ങള്‍ വിറ്റത്. ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം. 22 എയര്‍ബസ് എ330 വിമാനങ്ങളും 16 ബോയിംഗ് 777-300 ഇആര്‍എസ് വിമാനങ്ങളും ഉള്‍പ്പെട്ടതാണ് ഇടപാട്. ഇതില്‍ ബോയിംഗ് വിമാനങ്ങള്‍ ഇത്തിഹാദിന് തന്നെ വാടകക്ക് നല്‍കുമെന്ന് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയായ കെകെആര്‍ അറിയിച്ചു. അതേസമയം, എയര്‍ബസ് വിമാനങ്ങള്‍ അന്താരാഷ്ട്ര കമ്പനികള്‍ക്കായിരിക്കും നല്‍കുക. സാമ്പത്തിക സുസ്ഥിരത കൈവരിക്കുന്നതിനൊപ്പം കൂടുതല്‍ ഇന്ധനക്ഷമതയുള്ളതും സാങ്കേതികപരമായി മികച്ചതുമായ വിമാനങ്ങള്‍ സ്വന്തമാക്കുന്നതിനുള്ള അവസരം കൂടിയാണിതെന്ന് കമ്പനി അറിയിച്ചു.

കമ്പനി വെബ്‌സൈറ്റിലെ വിവരങ്ങൾ അനുസരിച്ച് 102 വിമാനങ്ങളാണ് നിലവില്‍ ഇത്തിഹാദിനുള്ളത്. എയര്‍ബസിന്റെ എ330 വിമാനങ്ങള്‍ ഇക്കൂട്ടത്തില്‍ പെടില്ല. എ330 വിമാനങ്ങളുടെ നിര്‍മ്മാണം അവസാനിപ്പിക്കുമെന്ന എയര്‍ബസ് പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ക്രമേണ എ330 വിമാനങ്ങള്‍ കമ്പനിയില്‍ നിന്നും ഒഴിവാക്കുമെന്ന് ഇത്തിഹാദ് നേരത്തെ വ്യക്തമാക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി 2016 മുതല്‍ വ്യാപകമായ ചെലവ് ചുരുക്കല്‍ നടപടികളിലേക്ക് കമ്പനി കടന്നിരുന്നു. ഇതിന്റെ ഭാഗമായി വിമാനങ്ങള്‍ വാങ്ങുന്നതിനായി എയര്‍ബസുമായും ബോയിങ്ങുമായുമുള്ള മുന്‍കരാറുകള്‍ പരിഷ്‌കരിക്കുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു.

2016-ന് ശേഷം ഇതുവരെ 475 കോടി ഡോളറിന്റെ നഷ്ടമാണ് ഇത്തിഹാദ് ഏറ്റുവാങ്ങിയത്. പശ്ചിമേഷ്യയില്‍ കമ്പനിയുടെ എതിരാളികളായ എമിറേറ്റ്‌സുമായും ഖത്തര്‍ എയര്‍വേസുമായും ശക്തമായ മത്സരം കാഴ്ചവെയ്ക്കുന്നതിന്റെ ഭാഗമായി യൂറോപ്പിലെയും ഓസ്‌ട്രേലിയയിലെയും വിമാനക്കമ്പനികളുടെ ഓഹരികള്‍ വാങ്ങിയതിലൂടെ വന്‍ബാദ്ധ്യതയാണ് കമ്പനി വരുത്തിവെച്ചത്. 2016- ല്‍ 195 കോടി ഡോളറും 2017- ല്‍ 152 കോടി ഡോളറുമായിരുന്നു ഇത്തിഹാദിലെ നഷ്ടം. വെല്ലുവിളി നിറഞ്ഞ വിപണി സാഹചര്യങ്ങളും ഇന്ധന വില വര്‍ദ്ധിച്ചതിനെ തുടര്‍ന്നുള്ള പ്രത്യാഘാതങ്ങളുമാണ് നഷ്ടത്തിന് കാരണമായി 2018-ല്‍ കമ്പനി വിലയിരുത്തിയത്. 2017-ല്‍ 600 കോടി ഡോളറായിരുന്ന വരുമാനം 2018-ല്‍ ഇത് 586 കോടി ഡോളറായി കുറഞ്ഞു. യാത്രികരുടെ എണ്ണത്തിലുണ്ടായ ഇടിവും കമ്പനിയുടെ വരുമാനത്തെ ബാധിച്ചു. ദുബായ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള എമിറേറ്റ്‌സിന് വെല്ലുവിളി ഉയര്‍ത്തി 2003-ലാണ് അബുദാബി ഭരണാധികാരികള്‍ ഇത്തിഹാദിന് തുടക്കം കുറിച്ചത്. എന്നാല്‍ വിപണിയില്‍ പിടിച്ച് നില്‍ക്കാന്‍ നടത്തിയ ശ്രമങ്ങളില്‍ പരാജയപ്പെട്ട കമ്പനി പിന്നീട് എമിറേറ്റ്‌സുമായി സഹകരിക്കേണ്ട സ്ഥിതിയും വന്നു ചേര്‍ന്നിരുന്നു.