എത്തിഹാദ് 2022ൽ പൂർണമായും പ്ലാസ്റ്റിക് വിമുക്തമാക്കും

വിമാന സർവീസുകളും ഓഫീസുകളും പൂർണമായും പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള നീക്കവുമായി യു എ ഇയുടെ ഔദ്യോഗിക വിമാന കമ്പനിയായ എത്തിഹാദ്. 2022 ഓടെ വിമാനങ്ങളിലെ ഒരു സാധനം പോലും പ്ലാസ്റ്റിക് അല്ലാതിരിക്കാനുള്ള തീവ്ര പദ്ധതി ഒരുക്കുകയാണ് എയർലൈൻ. വിമാനങ്ങളിൽ മാത്രമല്ല എയർലൈൻ ഓഫീസുകൾ അടക്കം എല്ലാ പ്രവർത്തന മേഖലയിലും പ്ലാസ്റ്റിക് കൊണ്ടുള്ള ഉത്പന്നങ്ങൾ പൂർണമായും ഒഴിവാക്കും.

ഒരു വിമാനത്തിൽ പ്ലാസ്റ്റിക് കൊണ്ടുള്ള 95 സാധനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് എത്തിഹാദ് കണ്ടെത്തിയിട്ടുണ്ട്. ഇത് പടിപടിയായി കുറച്ചു കൊണ്ട് വരുന്നതിനാണ് പദ്ധതി. ഇതിന്റെ തുടക്കമെന്നോണം ലോക ഭൗമ ദിനമായ ഏപ്രിൽ 22 നു ബ്രിസ്ബെയിനിലേക്കുള്ള വിമാനം പൂർണമായും പ്ലാസ്റ്റിക് വിമുക്തമായാണ് പറന്നത്.

പദ്ധതിയുടെ ഭാഗമായി യാത്രക്കാർക്ക് പരിസ്ഥിതി സൗഹൃദമായ കിറ്റുകൾ നൽകും. ചായക്കപ്പുകൾ ഭക്ഷ്യയോഗ്യമായ വസ്തുക്കൾ കൊണ്ട് നിർമ്മിച്ചവയായിരിക്കും. ടൂത്ത് പേസ്റ്റ് ഗുളിക രൂപത്തിൽ നൽകും. കുട്ടികൾക്ക് നൽകുന്ന കളിപ്പാട്ടങ്ങളും പ്ലാസ്റ്റിക് വിമുക്തമായിരിക്കും. ജൂൺ ഒന്നിന് മുമ്പ് 20 ശതമാനം പ്ലാസ്റ്റിക് സാധനങ്ങൾ ഒഴിവാക്കും. ഈ വർഷാവസാനത്തോടെ 100 ടൺ പ്ലാസ്റ്റിക് സാധനങ്ങൾ ഇങ്ങനെ ഒഴിവാക്കാനാകുമെന്നും എത്തിഹാദ് അറിയിച്ചു.