തോട്ടക്കാരൻ കമ്പനിയുടെ ഡയറക്ടർ; ചന്ദ, ദീപക് കൊച്ചാർമാരുടെ മേൽ കുരുക്ക് മുറുകുന്നു

വീട്ടിലെ തോട്ടക്കാരൻ അടക്കമുള്ള നിരവധി ബിനാമികളെ വിവിധ കമ്പനികളുടെ ഡയറക്ടർമാരാക്കിയിരുന്നതായി ഐ.സി.ഐ.സി.ഐ ബാങ്ക് – വീഡിയോകോൺ വായ്പ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. ഇതോടെ കേസിൽ ഐ.സി.ഐ.സി.ഐ ബാങ്ക് മുൻ മാനേജിംഗ് ഡയറക്ടർ ചന്ദ കൊച്ചാറിനും ഭർത്താവ് ദീപക് കൊച്ചാറിനും വീഡിയോകോൺ ചെയർമാൻ വേണുഗോപാൽ ദൂതിനും എതിരായ കുരുക്കുകൾ കൂടുതൽ മുറുകി. കുറഞ്ഞത് ആറ് പേരെ ഇത്തരത്തിൽ ബിനാമി ഡയറക്ടർമാരായി നിയമിച്ചിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

തങ്ങൾ ഡമ്മികളായിരുന്നുവെന്നും നിരവധി രേഖകളിൽ തങ്ങളെ കൊണ്ട് ഒപ്പു വെപ്പിച്ചിരുന്നുവെന്നും ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചു. വീഡിയോകോൺ ഗ്രൂപ്പിലെ ഒരു കമ്പനിയായ റിയൽ ക്ളീൻ ടെക്ക് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറായി ലക്ഷ്മികാന്ത് സുധാകർ കാറ്റോറെ എന്നയാളുടെ പേർ ഉണ്ടായിരുന്നു. ഇയാൾ വീഡിയോകോൺ ഗ്രൂപ് ചെയർമാൻ വേണുഗോപാൽ ദൂതിന്റെ വീട്ടിലെ തോട്ടക്കാരനായിരുന്നു. വിവേക് ദത്താത്രയെ, കേശർമൽ നേനുസുഖ്‌ലാൽ ഗാന്ധി, ചേതൻ രഥൻസിങ് തുടങ്ങിയവരും വിവിധ കമ്പനികളുടെ ഡയറക്ടർമാരായിരുന്നു. ഇന്ത്യൻ റെഫ്രിജറേറ്റർ കമ്പനി എന്ന കമ്പനിയിലാണ് ഇവർ ഡയറക്ടർമാരായി ഉണ്ടായിരുന്നത്. ഐ.സി.ഐ.സി.ഐ ബാങ്കിൽ നിന്ന് 3250 കോടി രൂപ വായ്പ തരപ്പെടുത്തി അത് ഷെൽ കമ്പനികളിൽ നിക്ഷേപിച്ചു എന്ന കേസിലാണ് ഇവർ അന്വേഷണം നേരിടുന്നത്.