ഹൂതികളുടെ ഡ്രോൺ ആക്രമണം ഇന്ത്യയുടെ നെഞ്ചത്ത്

ജോർജ് ജോസഫ്

ഹൂതികളുടെ ഡ്രോൺ ആക്രമണം നടന്നത് സൗദിയിലെ അരാംകോ കമ്പനിയിലാണ് . പക്ഷെ അതുകൊണ്ട് ഏറ്റവും വലിയ പ്രതിസന്ധി ഉണ്ടാകുന്ന ചില രാജ്യങ്ങളുണ്ട്. അതിൽ ഒന്ന് ഇന്ത്യയാണ്. ചൈന, ഇന്ത്യ, ഇൻഡോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ എണ്ണ ഇറക്കുമതിക്കായി പ്രധാനമായും ആശ്രയിക്കുന്ന രാജ്യമാണ് സൗദി അറേബ്യ. കഴിഞ്ഞ ദിവസം ഉണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന് ആഗോള എണ്ണ വിപണിയിലെ സപ്ലൈ 5 – 6 ശതമാനം കണ്ട് കുറഞ്ഞിരിക്കുകയാണ്. അതുകൊണ്ട് ബ്രെന്റ് ക്രൂഡിന്റെ വില ഒറ്റയടിക്ക് ബാരലിന് 19 .5 ശതമാനം ഉയർന്നു. കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയിൽ ഒറ്റ ദിവസം കൊണ്ട് വില ഇത്ര ഉയരുന്നത് ഇതാദ്യമായാണ്. ഇന്ന് ഓയിൽ വില ബാരലിന് 71 .95 ഡോളറായി ഉയർന്നു. സൗദിയുടെ എണ്ണ പാടങ്ങളിൽ വീണ്ടും ആക്രമണം നടത്തുമെന്ന് യെമനിലെ ഹൂതി വിമതർ വീണ്ടും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതുകൊണ്ട് ആഗോള വിപണിയിൽ വില 80 ഡോളറിലേക്ക് കുതിച്ചാലും അത്ഭുതപ്പെടാനില്ല.

ഇത് ഇന്ത്യയെ എങ്ങനെയൊക്ക ബാധിക്കുമെന്നതാണ് പ്രധാന പ്രശ്നം. സ്വാഭാവികമായും ഇന്ത്യയിൽ പെട്രോൾ , ഡീസൽ വില ഉയർത്തേണ്ടി വരുമെന്ന് കാര്യം ഏറെക്കുറെ ഉറപ്പാണ്. പൊതുമേഖലാ എണ്ണ കമ്പനിയായ എച്ച് പി സി എൽ ചെയർമാൻ എം. കെ സുരാന ഇതിനകം പെട്രോൾ, ഡീസൽ വില ഉയർത്തേണ്ടി വന്നേക്കാമെന്ന് പ്രസ്താവിച്ചിട്ടുണ്ട്.

ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഉപഭോഗ രാജ്യമാണ് ഇന്ത്യ. സൗദി അറേബ്യ ഉൾപ്പടെയുള്ള ഒപെക് രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യ മൊത്തം ക്രൂഡ് ഇറക്കുമതിയുടെ 85 ശതമാനവും നടത്തുന്നത്. അതുകൊണ്ട് സൗദി ഉത്പാദനം താഴ്ത്തുന്നത് ആഗോള മാർക്കറ്റിൽ വില ഉയർത്തുന്നതിനൊപ്പം ഇന്ത്യയിലേക്കുള്ള സപ്ളൈയെ ദോഷകരമായി ബാധിക്കും. ഉത്പാദനം എന്ന് മുതൽ പൂർവ സ്ഥിതിയിലാകുമെന്നതിന് ഒരു ഉറപ്പും അരാംകോ കമ്പനി നൽകുന്നില്ല. ഇതാണ് ഇന്ത്യയെ നേരിടുന്ന ഒരു പ്രധാന പ്രതിസന്ധി.

ഇന്ത്യ ഇപ്പോൾ ഒരു സാമ്പത്തിക മാന്ദ്യത്തിന്റെ പടിവാതിൽക്കലാണ് . ആഗോള വിപണിയിൽ ക്രൂഡിന്റെ വില കുറഞ്ഞു നിന്നിരുന്നതാണ് ഇന്ത്യൻ മാർക്കറ്റിന് വലിയ ആശ്വാസം നൽകിയിരുന്ന ഒരു ഘടകം. എന്നാൽ ഇപ്പോൾ എണ്ണ വില ഉയരുന്നത് ഇന്ത്യയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കും. കാരണം ഇറക്കുമതി ചെലവ് കുത്തനെ ഉയരുമെന്നതാണ്. ഒപ്പം പെട്രോളിയം ഉത്പന്നങ്ങളുടെ വില വീണ്ടും കൂടുന്നത് സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുഷ്കരമാക്കും.

ആഗോള വിപണിയിൽ എണ്ണ വില കൂട്ടുന്നത് ഇന്ത്യക്ക് ഇരട്ട പ്രഹരം ഏല്പിക്കുമെന്നതാണ് വലിയൊരു വൈതരണി. കാരണം, ഇന്ത്യൻ രൂപയുടെ വില അനുദിനം കുറയുകയാണ്. 71 .56 രൂപയാണ് ഒരു ഡോളറിന്റെ ഇന്ത്യൻ കറൻസിയിലുള്ള മൂല്യം. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഡോളർ വില കുതിച്ചുയരുകയാണ്. ഡോളർ മൂല്യം ഉയരുക എന്നതിനർത്ഥം ഇറക്കുമതിക്ക് ഇന്ത്യ കൂടുതൽ ചെലവഴിക്കേണ്ടി വരുമെന്നതാണ്. അതായത് ഹൂതികളുടെ ആക്രമണം മൂലം ക്രൂഡ് വില കൂട്ടുന്നതിനൊപ്പം ഇന്ത്യൻ രൂപ കനത്ത പതനത്തിലാണ്. ക്രൂഡിന്റെ വില ഒരു ഡോളർ കൂടുമ്പോൾ ഇന്ത്യ ഇറക്കുമതിക്കായി ഏതാണ്ട് 2000 – 3000 കോടി രൂപ അധികമായി ചെലവഴിക്കേണ്ടതായി വരും. തിങ്കളാഴ്ച മാത്രം ക്രൂഡ് വില ഉയർന്നത് ഒരു ബാരലിന് ആറ് ഡോളറാണെന്ന് ഓർക്കണം.

വ്യാപാര കമ്മി കുത്തനെ കൂട്ടുന്നതിന് ഇത് കാരണമാകും. ഓഗസ്റ്റ് മാസത്തെ കണക്കുകൾ പ്രകാരം ഇന്ത്യയുടെ വ്യാപാര കമ്മി 13 .65 ലക്ഷം കോടി ഡോളറാണ്. എണ്ണ വില കൂട്ടുക എന്നതിനർത്ഥം ഇറക്കുമതി ചെലവുകൾ വർദ്ധിക്കുക എന്നതാണ് . രൂപയുടെ മൂല്യത്തകർച്ചയും ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ നേരിടുന്ന മാന്ദ്യവും കൂടി കണക്കിലെടുക്കുമ്പോൾ യഥാർത്ഥത്തിൽ ഹൂതികളുടെ ഡ്രോൺ ആക്രമണം നടന്നിരിക്കുന്നത് ഇൻഡ്യയുടെ നെഞ്ചിലാണ് എന്നതാണ്.