ബജറ്റിനെ താളം തെറ്റിച്ച് വൻ വരുമാന ചോർച്ച; പ്രതീക്ഷിച്ചത് 24 ലക്ഷം കോടി, നവംബർ വരെ കിട്ടിയത് 11 ലക്ഷം കോടി

സർക്കാരിന്റെ വരുമാനത്തിൽ ഉണ്ടായിരിക്കുന്ന ഭീമമായ ഇടിവ് കേന്ദ്ര ബജറ്റിനെ എങ്ങനെ സ്വാധീനിക്കും എന്നാണ് സാമ്പത്തിക വിദഗ്ധര്‍ ഉറ്റുനോക്കുന്നത്. നടപ്പ് സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിച്ചിരുന്ന വരുമാനത്തേക്കാൾ വളരെ താഴെയാണ് യഥാർത്ഥ വരുമാനമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2019 -20ൽ 24.61 ലക്ഷം കോടി രൂപയാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്. എന്നാൽ ബജറ്റ്സ് ആൻഡ് കൺട്രോളർ ജനറൽ ഓഫ് അകൗണ്ട്സിന്റെ പുതിയ കണക്കുകൾ പ്രകാരം നവംബർ മാസം വരെയുള്ള വരുമാനം 11.65 ലക്ഷം കോടി രൂപ മാത്രമാണ്.

2018 -19 സാമ്പത്തിക വർഷത്തെ യഥാർത്ഥ വരുമാന കണക്കും ഇപ്പോൾ പുറത്ത് വിട്ടിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഗവണ്മെന്റ് ലക്ഷ്യമിട്ടിരുന്നത് 22.17 ലക്ഷം കോടി രൂപയായിരുന്നെങ്കിൽ യഥാർത്ഥത്തിൽ ലഭിച്ചത് 20 .8 ലക്ഷം കോയി രൂപയാണ്. അതായത് 1.91 ലക്ഷം കോടി രൂപയുടെ കുറവ്. ഈ കാരിഓവർ നിലനിൽക്കുമ്പോഴാണ് നടപ്പ് സാമ്പത്തിക വർഷത്തെ വരുമാനത്തിൽ ഗുരുതരമായ ചോർച്ച ഉണ്ടായിരിയ്ക്കുന്നത്.

2009 -10 വർഷം മുതലുള്ള കണക്കുകൾ പരിഗണിക്കുമ്പോൾ വരുമാന ചോർച്ച തുലോം കുറവായിരുന്നുവെന്ന് കാണാം. 2015 -16 മുതൽ തുടർച്ചയായ മൂന്ന് വർഷങ്ങളിൽ വരുമാനം പ്രതീക്ഷിച്ചിരുന്നതിനേക്കാൾ കൂടുതലായിരുന്നു. എന്നാൽ കഴിഞ്ഞ സാമ്പത്തിക വർഷം മുതൽക്കാണ് ഇതിന് വലിയ തിരിച്ചടി നേരിട്ടത്. നടപ്പ് വർഷം അവസാനിക്കുമ്പോൾ യഥാർത്ഥ വരുമാനം പ്രതീക്ഷിച്ചതിനേക്കാൾ അഞ്ചു ലക്ഷം കൂടിയെങ്കിലും കുറവായിരിക്കുമെന്നാണ് വിലയിരുത്തുന്നത്.