മലേഷ്യൻ പാമോയിലിന്റെ വരവ് കുറഞ്ഞു, വില കുത്തനെ കൂടി

മലേഷ്യയിൽ നിന്നുള്ള പാമോയിൽ ഇറക്കുമതിയിൽ ഗണ്യമായ ഇടിവ്. ജനുവരി മാസത്തിൽ ഇറക്കുമതി 70,000 ടണ്ണായി കുറയുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം ജനുവരിയിൽ മലേഷ്യയിൽ നിന്നുള്ള പാമോയിൽ ഇറക്കുമതി 253,889 ടണ്ണായിരുന്നു . ഇറക്കുമതി കുത്തനെ കുറഞ്ഞതൊടെ വിപണിയിൽ പാമോയിൽ വില കുതിച്ചുയർന്നു. ഒരു ലിറ്ററിന്റെ വില 70 രൂപയായിരുന്നത് ഇപ്പോൾ 100 രൂപക്ക് മുകളിലാണ്. ഇത് പാമോയിൽ ഉപയോഗിക്കുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളെയാണ് ഏറെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. വെളിച്ചെണ്ണ വില ഉയർന്ന തോതിൽ തുടരുന്നതിനാൽ കൂടുതലാളുകളും പാമോയിലാണ് ഉപയോഗിക്കുന്നത്. എന്നാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പാമോയിലിന്റെ ഉപയോഗം താരതമ്യേന കുറവായതിനാൽ അവിടെ ഉപഭോക്താക്കളെ ഇത് കാര്യമായി ബാധിച്ചട്ടില്ല.

പൗരത്വ നിയമ ഭേദഗതിയെ മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് വിമർശിച്ചതിനെ തുടർന്ന് ഇന്ത്യ മലേഷ്യയിൽ നിന്നുള്ള പാമോയിൽ ഇറക്കുമതിക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് ഇന്ത്യൻ കമ്പനികൾ മലേഷ്യൻ ഉത്പന്നങ്ങൾ ഒഴിവാക്കിയത്. അടുത്ത മാസം മലേഷ്യയിൽ നിന്നുള്ള ഇറക്കുമതി 10,000 ടണ്ണിലേക്ക് ചുരുങ്ങുമെന്ന് മാർക്കറ്റ് വൃത്തങ്ങൾ പറയുന്നു. പകരം ഇന്തോനേഷ്യയിൽ നിന്നുള്ള ഇറക്കുമതി ഉയർത്താനാണ് നീക്കം. വ്യാപാരികൾ മലേഷ്യൻ പാമോയിൽ ഇറക്കുമതി ചെയ്യുന്നത് ഒഴിവാക്കുന്നതായി മുംബൈയിലെ പ്രമുഖ ഇറക്കുമതിക്കാർ പറഞ്ഞു. 2019 ഇന്ത്യ 44 ലക്ഷം ടൺ പാമോയിൽ മലേഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്നു. പ്രതിമാസം ശരാശരി 367,459 ടണ്ണിന്റ്റെ ഇറക്കുമതിയാണ് നടന്നത്. ഇന്ത്യ ഒരു വര്‍ഷം ശരാശരി 90 ലക്ഷം ടൺ പാമോയിൽ ഇറക്കുമതി നടത്തുന്നു. ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ എണ്ണകളുടെ കൂട്ടത്തിൽ മൂന്നാം സ്ഥാനമാണ് പാമോയിലിന് ഉള്ളത്.