കമ്പനികൾ സി.എസ്.ആർ ഫണ്ട് ചെലവഴിച്ചില്ലെങ്കിൽ പ്രത്യേക കേന്ദ്രഫണ്ടിൽ നിക്ഷേപിക്കണം, നിയമ ഭേദഗതിക്ക് അംഗീകാരം

കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി [ സി എസ് ആർ] പ്രവർത്തനങ്ങൾക്കായി കമ്പനികൾ നീക്കി വയ്ക്കുന്ന തുക ചെലവഴിക്കാൻ കഴിയാതെ വന്നാൽ ഇനി മുതൽ കേന്ദ്ര സർക്കാരിന്റെ പ്രത്യേക ഫണ്ടിൽ നിക്ഷേപിക്കണം. ഇതിനായി കമ്പനി നിയമത്തിൽ വരുത്തുന്ന ഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. നേരത്തെ നിലവിൽ ഉണ്ടായിരുന്ന ഓർഡിനൻസിന് പകരമായാണ് നിയമം കൊണ്ട് വരുന്നത്.

സി എസ് ആർ പദ്ധതികൾക്കുള്ള തുക മൂന്ന് വർഷമായിട്ടും ചെലവഴിക്കാൻ കഴിയാതെ വന്നാലാണ് പ്രത്യേക ഫണ്ടിൽ നിക്ഷേപിക്കേണ്ടത്. സർക്കാർ ഇത് പൊതു ആവശ്യങ്ങൾക്കായുള്ള പദ്ധതികളിൽ ചെലവഴിക്കുമെന്നാണ് ഔദ്യോഗിക വിശദീകരണം.

ഇന്ത്യൻ കമ്പനികൾ പ്രതിവർഷം 15,000 കോടി രൂപ സി എസ് ആർ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നുണ്ടെന്നാണ് കണക്ക്. 500 കോടി രൂപ മൂല്യമുള്ളതോ, 1000 കോടി രൂപ വിറ്റുവരവുള്ളതോ, അല്ലെങ്കിൽ അഞ്ചു കോടിയിൽ കൂടുതൽ ലാഭമുള്ളതോ ആയ കമ്പനികൾ തങ്ങളുടെ ലാഭത്തിന്റെ രണ്ടു ശതമാനം സി എസ് ആർ ആവശ്യങ്ങൾക്കായി മാറ്റിവയ്ക്കണമെന്നാണ് നിയമം.