സാമ്പത്തിക മാന്ദ്യത്തിന് ഒപ്പം രൂപ തകരുന്നു, ഒരു ഡോളറിന്റെ വില 72 രൂപ

സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടയിൽ മറ്റൊരു വൈതരണിയായി ഇന്ത്യൻ രൂപ തകർന്നടിയുന്നു. ഏഷ്യയിലെ ഏറ്റവും മോശം കറൻസിയായി രൂപ മാറുന്ന ചിത്രമാണ് സമീപ ദിവസങ്ങളിൽ കണ്ടത്. ഇന്ന് രാവിലെ ഒരു ഡോളറിന്റെ നിരക്ക് 71 .95 രൂപയിലാണ് ഓപ്പൺ ചെയ്തത്. പിന്നീട് അത് 72 രൂപയായി ഉയർന്നു. കഴിഞ്ഞ എട്ട് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇന്ത്യൻ രൂപ ഇപ്പോൾ.

അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്കിൽ വീണ്ടും കുറവ് വരുത്തുമോ എന്ന ചോദ്യമാണ് ഇന്ത്യൻ കറൻസിയുടെ മൂല്യം ചോർത്തുന്ന പ്രധാന ഘടകം. ഫെഡറൽ റിസർവിന്റെ മോണിറ്ററി പോളിസി അവലോകന യോഗം നടക്കുകയാണ്. പലിശനിരക്കിൽ വീണ്ടും ഇളവ് വരുത്തുന്ന പ്രഖ്യാപനം ഇന്ന് വീണ്ടും ഉണ്ടാകുമെന്നാണ് കരുതുന്നത്. മിക്കവാറും ഏഷ്യൻ കറൻസികൾ മോശം പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയും രൂപക്ക് കനത്ത തിരിച്ചടിയാവുകയാണ്.