വോട്ടു ചെയ്യാൻ കോർപറേറ്റ് തലവന്മാർ കൂട്ടത്തോടെ എത്തി, കുടുംബസമേതം സച്ചിൻ

വൻ വ്യവസായികൾ വോട്ട് ചെയ്യാനെത്തി എന്നതാണ് ഇന്ന് നടന്ന നാലാം ഘട്ട വോട്ടെടുപ്പിന്റെ സവിശേഷത. മുംബൈ നഗരത്തിന് ഇത് ഏറെക്കുറെ പുതുമയാർന്ന അനുഭവമായിരുന്നു. സാധാരണ വോട്ടെടുപ്പിന് എത്താറില്ലാത്ത വി വി ഐ പി കോർപറേറ്റ് തലവന്മാർ വരെ വിവിധ പോളിംഗ് ബൂത്തുകളിൽ എത്തി സമ്മതിദാനാവകാശം രേഖപ്പെടുത്തി. ക്രിക്കറ്റ് ദൈവം സച്ചിൻ ടെണ്ടുൽക്കറും വോട്ട് ചെയ്യാനെത്തി. ഭാര്യ അഞ്ജലിക്കും മക്കൾക്കുമൊപ്പമാണ് സച്ചിൻ വോട്ടിടാൻ എത്തിയത്.

മുംബൈ മലബാർ ഹില്ലിലെ പോളിംഗ് സ്റേഷനിലെത്തിയാണ് മഹിന്ദ്ര ചെയർമാൻ ആനന്ദ് മഹിന്ദ്ര വോട്ടു ചെയ്തത്. അനിൽ ധീരുഭായ് അംബാനി ഗ്രൂപ്പിന്റെ തലവൻ അനിൽ അംബാനി കഫെ പരേഡ് ബൂത്തിൽ വോട്ടു ചെയ്തപ്പോൾ പെദ്ദാർ റോഡിലുള്ള ബൂത്തിൽ എച്ച് ഡി എഫ് സി ചെയർമാൻ ദീപക് പരേഖ് വോട്ടു രേഖപ്പെടുത്തി.

Read more

പ്രതിസന്ധിയെ തുടർന്ന് പ്രവർത്തനം നിർത്തിയ ജെറ്റ് എയർവേയ്‌സ് മുൻ ചെയർമാൻ നരേഷ് ഗോയലും വോട്ട് ചെയ്യാൻ എത്തിയിരുന്നു. ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരനാണ് വോട്ട് രേഖപ്പെടുത്തിയ മറ്റൊരു വ്യവസായ പ്രമുഖൻ. ഭാര്യയോടോപ്പമെത്തിയാണ് അദ്ദേഹം വോട്ട് ചെയ്തത്. എച്ച് ഡി എഫ് സി,  സി ഇ ഒ കേക്കി മിസ്ത്രി എത്തിയത് ഭാര്യക്കും മകൾക്കുമൊപ്പമായിരുന്നു. ലാർസൺ ആൻഡ് ട്യൂബ്രോ ചെയർമാൻ അനിൽ മണിഭായി നായിക്, ജെ എസ് ഡബ്ള്യു ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സാജൻ ജിൻഡാൽ എന്നിവരും വോട്ടവകാശം വിനിയോഗിച്ചു. ഭാര്യക്കൊപ്പമെത്തിയാണ് മഹിന്ദ്ര ആൻഡ് മഹിന്ദ്ര മാനേജിംഗ് ഡയറക്ടർ പവൻ ഗോയങ്ക വോട്ട് ചെയ്തത്. ശോഭന ഭാരതീയ, ഗോദ്‌റെജ്‌ ഗ്രൂപ്പ് ചെയർമാൻ ആദി ഗോദ്‌റെജ്‌ തുടങ്ങിയവരും വോട്ട് രേഖപ്പെടുത്താനെത്തിയിരുന്നു.
ബോളിവുഡ് താരം രൺവീർ സിങ്ങ് പിതാവിനൊപ്പം എത്തി വോട്ട് ചെയ്തു. മുംബൈ മേഖലയിൽ അടക്കം മഹാരാഷ്ട്രയിലെ 17 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. പോളിംഗ് മൂലം ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് ഇന്ന് അവധിയായിരുന്നു.