മെഷിൻ, എ.ടി.എം കാർഡ് വലിച്ചെടുത്താൽ ബാങ്കിന് ഉത്തരവാദിത്വമില്ല, ശ്രദ്ധിക്കേണ്ടത് ഉപയോഗിക്കുന്ന ആൾ

എ.ടി.എം കാര്‍ഡുകള്‍ മെഷീന്‍ വലിച്ചെടുത്താല്‍ ബാങ്കുകള്‍ക്ക് ഉത്തരവാദിത്വമില്ലെന്ന് സംസ്ഥാന ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ വിധിച്ചു. എ.ടി.എം കാര്‍ഡ് മെഷീന്‍ വലിച്ചെടുത്തതിന് ബാങ്ക് നഷ്ടപരിഹാരം നല്‍കണമെന്ന മലപ്പുറം ജില്ലാ ഉപഭോക്തൃ ഫോറത്തിന്‍റെ വിധി റദ്ദാക്കിയാണ് കമ്മീഷന്‍റെ ഉത്തരവ്.

എ.ടി.എം യന്ത്രത്തിലേക്ക് കാര്‍ഡ് ഇട്ട ശേഷം നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള ബട്ടണുകള്‍ അമര്‍ത്താന്‍ വൈകുമ്പോഴും പണം പിന്‍വലിച്ച ശേഷം യഥാസമയം തിരിച്ചെടുക്കാതിരുന്നാലും കാര്‍ഡ് യന്ത്രം പിടിച്ചെടുക്കാറുണ്ട്. തെറ്റായ പിന്‍ നമ്പര്‍ ആവര്‍ത്തിച്ച് രേഖപ്പെടുത്തിയാലും ഇത്തരത്തില്‍ യന്ത്രം കാർഡ് വലിച്ചെടുക്കും. ഒരു ബാങ്കിന്‍റെ എ.ടി.എം മെഷീനുള്ളില്‍ മറ്റൊരു ബാങ്കിന്‍റെ എ.ടി.എം കാര്‍ഡ് കുടുങ്ങുകയാണെങ്കില്‍ ആ കാര്‍ഡ് പിന്നീട് നശിപ്പിക്കും. കാര്‍ഡ് ഏത് ബാങ്കിന്‍റെയാണോ ആ ബാങ്കിനാണ് കാര്‍ഡിന്‍റെ ചുമതലയുള്ളത്.

എസ് ബി ഐയുടെ എ.ടി.എം കാര്‍ഡ് ഫെഡറല്‍ ബാങ്കിന്‍റെ എ.ടി.എം മെഷീന്‍ വലിച്ചെടുത്തതിനെതിരെ മലപ്പുറം സ്വദേശി എം. വിനോദ് നല്‍കിയ പരാതിയിലായിരുന്നു ജില്ലാ ഫോറത്തിന്‍റെ വിധി. കാര്‍ഡ് വലിച്ചെടുത്തതോടെ ഫെഡറല്‍ ബാങ്കിനെ സമീപിച്ചെങ്കിലും കാര്‍ഡ് നല്‍കാന്‍ തയ്യാറല്ല എന്നായിരുന്നു ബാങ്കിന്‍റെ നിലപാട്.

Read more

തുടര്‍ന്ന് പരാതിക്കാരന്‍ മലപ്പുറം ജില്ലാ ഫോറത്തെ സമീപിച്ചു. 15,000 രൂപ നഷ്ട പരിഹാരവും 3000 രൂപ ചെലവും നല്‍കാന്‍ ജില്ലാ ഫോറം ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സംസ്ഥാന കമ്മീഷനെ സമീപിച്ച ഫെഡറല്‍ ബാങ്ക് ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍റെ നിര്‍ദ്ദേശം അനുസരിച്ചാണ് കാര്‍ഡ് തിരികെ നല്‍കാത്തതെന്ന് കമ്മീഷനെ അറിയിച്ചു. കാര്‍ഡ് വലിച്ചെടുത്തില്‍ അക്കൗണ്ട് ഉടമയാണ് ഉത്തരവാദിയെന്നും തട്ടിപ്പ് നടക്കുന്നത് തടയാനുള്ള മുന്‍കരുതലായാണ് ഇങ്ങിനെ ചെയ്യുന്നതെന്നും ഫെഡറല്‍ ബാങ്ക് കമ്മീഷനെ അറിയിച്ചു. ബാങ്കിന്‍റെ വാദം കേട്ട കമ്മീഷന്‍ മലപ്പുറം ജില്ലാ ഫോറത്തിന്‍റെ ഉത്തരവ് റദ്ദാക്കുകയായിരുന്നു.