2700 കോടി രൂപയ്ക്ക് ബെംഗളൂരുവിലെ ഐ.ടി പാര്‍ക്ക് വില്‍ക്കാനൊരുങ്ങി കഫേ കോഫി ഡേ

കോഫി ഡേ എന്റര്‍പ്രൈസസിന്റെ ബെംഗളൂരുവിലെ ഗ്ലോബല്‍ വില്ലേജ് ടെക് പാര്‍ക്ക് വില്‍ക്കാനൊരുങ്ങി കമ്പനി. കഫേ കോഫി ഡേ ശൃംഖലയുടെ ഉടമകളാണ് കോഫി ഡേ എന്റര്‍പ്രൈസസ്. നിക്ഷേപ സ്ഥാപനമായ ബ്ലാക്‌സ്റ്റോണിനും റിയല്‍ എസ്റ്റേറ്റ് കമ്പനിയായ സലാര്‍പൂരിയ സത്വയ്ക്കുമായി 2,700 കോടി രൂപയ്ക്കാണ് ഗ്ലോബല്‍ വില്ലേജ് വില്‍ക്കുന്നത്.

5000 രൂപയുടെ കടബാദ്ധ്യതയാണ് കഫേ കോഫി ഡേയ്ക്കുള്ളത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് കഫേ കോഫീ ഡേയുടെ സ്ഥാപകന്‍ വി.ജി സിദ്ധാര്‍ത്ഥ ആത്മഹത്യ ചെയ്തത്. ഇതിനെതുടര്‍ന്നാണ് ആസ്തികള്‍ വിറ്റ് കടബാദ്ധ്യത തീര്‍ക്കാന്‍ കമ്പനി തീരുമാനിച്ചത്.

ഈ ഇടപാടോടെ സി.സി.ഡിയുടെ കടബാദ്ധ്യത പകുതിയായി കുറയുമെന്നാണ് സൂചന. ഇടപാട് പൂര്‍ത്തിയാകാന്‍ ഏകദേശം 30 മുതല്‍ 45 ദിവസം വരെ വേണ്ടി വന്നേക്കുമെന്നാണ് സൂചന.

ഓഗസ്റ്റിലാണ് സിദ്ധാര്‍ത്ഥയെ മംഗലൂരു തീരത്ത് ഒഴിഗെ ബസാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കമ്പനിയുടെ സാമ്പത്തിക ബാദ്ധ്യതയെ തുടര്‍ന്ന് ഇദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് നിഗമനം.