പ്രവർത്തനത്തെ പ്രളയം ബാധിച്ചുവെങ്കിലും കൂടുതൽ ലാഭം നേടി കൊച്ചി വിമാനത്താവളം

കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് [സിയാൽ] കഴിഞ്ഞ സാമ്പത്തിക വർഷം 166.92 കോടി രൂപ ലാഭം നേടി. 2018 -19 വർഷത്തിൽ 650.34 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി നേടിയത് . ചെയർമാൻ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷത വഹിച്ച സിയാൽ ബോർഡ് യോഗത്തിലാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിലാണ് കേരളത്തിൽ പ്രളയം മുണ്ടായത്. ഈ സമയത്ത് 15 ദിവസത്തോളം വിമാനത്താവളം അടച്ചിട്ടിരുന്നു. എന്നിട്ടും വിറ്റുവരവിൽ 17.52 ശതമാനം നേട്ടമുണ്ടാക്കാനായി. ലാഭത്തിൽ ഏഴ് ശതമാനത്തിന്റെ വർദ്ധനയാണ് ഉണ്ടായത്.

സിയാൽ ഡ്യൂട്ടി ഫ്രീ ആന്റ് റീട്ടെയ്ൽ സർവീസസ് ലിമിറ്റഡിന്റെ കൂടി വിറ്റുവരവ് ചേർത്താൽ ആകെ വിറ്റുവരവ് 807.36 കോടി രൂപയാണ്. 2017-18 കാലത്ത് 701.13 കോടിയായിരുന്നു ഇത്. ആ കാലത്തെ അറ്റാദായം 184.77 കോടിയായിരുന്നത് ഇക്കുറി 240.33 കോടിയായി ഉയർന്നു.

കേരള സർക്കാരിന് 32.41 ശതമാനം ഓഹരിയുള്ളതാണ് സിയാൽ വിമാനത്താവള കമ്പനി. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്ത് നാലാമത് നിൽക്കുന്ന വിമാനത്താവളമാണ് കൊച്ചിയിലേത്. ആകെ യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്ത് ഏഴാം സ്ഥാനമാണ് കൊച്ചിക്ക്. ഇതിന് പുറമെ സമ്പൂർണ സൗരോർജ്ജ ക്ഷമത കൈവരിച്ച ലോകത്തിലെ ആദ്യത്തെ വിമാനത്താവളവുമാണ് നെടുമ്പാശേരിയിലേത്.