ആദായനികുതി വരുമാനം 50,000 കോടി കുറയുമെന്ന് കണക്ക്

ആദായനികുതി ഉൾപ്പെടെയുള്ള പ്രത്യക്ഷ നികുതി വരുമാനം പത്തു ലക്ഷം കോടി രൂപ കവിഞ്ഞു. മാർച്ച് 16 വരെയുള്ള പ്രാഥമിക കണക്കുകൾ പ്രകാരം പ്രത്യക്ഷ നികുതി വരുമാനം പത്തു ലക്ഷം കോടി കവിഞ്ഞിട്ടുണ്ട്. മൊത്തം 12 ലക്ഷം കോടി രൂപയുടെ വരുമാനമാണ് 2018 -19 സാമ്പത്തിക വർഷത്തിൽ ഈയിനത്തിൽ കേന്ദ്ര സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്. 2017 -18 സാമ്പത്തിക വർഷത്തിൽ 10 .02 ലക്ഷം കോടി രൂപയാണ് പ്രത്യക്ഷ നികുതി ഇനത്തിൽ വരുമാനം നേടിയത്. നടപ്പ് വർഷം ലക്ഷ്യമിട്ടിരുന്നതിനേക്കാൾ ഈയിനത്തിലെ വരുമാനം 50,000 കോടി രൂപ കുറയുമെന്നും കണക്കാക്കുന്നു.

ഡയറക്റ്റ് ടാക്‌സ് വരവിൽ 19 ശതമാനം വളർച്ച കൈവരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. എന്നാൽ ഇന്നത്തെ തോതിൽ 13 .4 ശതമാനം വളർച്ച കൈവരിക്കാനേ കഴിയൂ എന്നാണ് സൂചനകൾ. ഇത് സർക്കാരിന്റെ റെവെന്യുവിനെ പ്രതികൂലമായി ബാധിക്കുന്നതിന് ഇടയുണ്ട്. ധനകമ്മിയിലെ വർധനയാകും അനന്തര ഫലം.

5 .24 ലക്ഷം കോടി രൂപ കോർപറേറ്റ് ആദായനികുതി ഇനത്തിലും 3 .87 ലക്ഷം കോടി രൂപ വ്യക്തിഗത ആദായ നികുതി ഇനത്തിലും നേടി. നടപ്പ് സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ജനുവരി വരെയുള്ള പത്തു മാസകാലയളവിൽ പ്രത്യക്ഷ നികുതി വരുമാനം 7 .89 ലക്ഷം കോടി രൂപയാണ്. പ്രത്യക്ഷ നികുതിയുടെ കാര്യത്തിൽ ലക്‌ഷ്യം നേടാൻ കഴിയുമെന്നാണ് സർക്കാർ കരുതുന്നത്. എന്നാൽ ജി എസ് ടി അടക്കമുള്ള പരോക്ഷ നികുതി വരുമാനം ഈ സാമ്പത്തിക വർഷത്തിൽ കുറയുമെന്നാണ് കണക്ക്. നടപ്പ് സാമ്പത്തിക വർഷത്തിൽ 7 . 61 ലക്ഷം കോടി രൂപയാകുമെന്നാണ് പ്രതീക്ഷ.