വില നിയന്ത്രിക്കാന്‍ ഉള്ളി ഇറക്കുമതി ചെയ്യാന്‍ നീക്കം

ഉള്ളിയുടെ ആഭ്യന്തര വിതരണം ശക്തിപ്പെടുത്താനും വില നിയന്ത്രിക്കാനും വേണ്ടി ഈജിപ്തില്‍ നിന്ന് ഇറക്കുമതിക്ക് നീക്കം. പൊതുമേഖലാ സ്ഥാപനമായ എംഎംടിസിയാണ് 6090 ടണ്‍ ഉള്ളി ഇറക്കുമതി ചെയ്യുന്നത്. ഇത് അധികം വൈകാതെ മുംബൈ തീരത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നു

ഈ മാസം നൂറ് രൂപവരെ ഉള്ളി വില ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം 1.2 ലക്ഷം ടണ്‍ ഉള്ളി ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എംഎംടിസി ഇറക്കുമതി ചെയ്യുന്ന ഉള്ളി, നാഫെഡിലൂടെയാകും വിപണിയിലെത്തിക്കുക

ഇക്കൊല്ലത്തെ ഖാരിഫ് വിളയില്‍ 26 ശതമാനത്തോളം കുറവ് വന്നതാണ് വില അനിയന്ത്രിതമായി ഉയരാന്‍ കാരണം. ഉള്ളി ഉത്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ പെയ്ത മഴയും തിരിച്ചടിയായി.

സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് വിളയുടെ വിതരണം തടസ്സപ്പെട്ടു. അതേസമയം ഉള്ളിയുടെ കയറ്റുമതി തടഞ്ഞും സൂക്ഷിക്കാവുന്ന സ്റ്റോക്കില്‍ പരിധി നിശ്ചയിച്ചും സര്‍ക്കാര്‍ വിപണിയില്‍ ഇടപെടാന്‍ ശ്രമിക്കുന്നുണ്ട്.