കണക്കുകൾ പെരുപ്പിച്ച് കാണിച്ചു, നിക്ഷേപകർക്ക് നഷ്ടം വരുത്തി; ഇൻഫോസിസിന് എതിരെ അമേരിക്കയിൽ കേസ്

ലാഭവും വരുമാനവും പെരുപ്പിച്ച് കാണിച്ചുവെന്ന പരാതിയിൽ പ്രമുഖ ഐ ടി കമ്പനിയായ ഇൻഫോസിസിനെതിരെ അമേരിക്കയിൽ കേസ് ഫയൽ ചെയ്തു. തെറ്റായതും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതുമായ വിവരങ്ങൾ കമ്പനി പുറത്തുവിട്ടു എന്ന പരാതിയിന്മേലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. ലോസ്ഏഞ്ചൽസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷാൾ ലാ ഫേം എന്ന ലീഗൽ സ്ഥാപനമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ കമ്പനിയാണ് കേസിന് മുൻകൈ എടുത്തിരിക്കുന്നത്.

ഒരു ഹൃസ്വ കാലത്തിനിടയിൽ ഇൻഫോസിസ് പുറത്തുവിട്ട കണക്കുകൾ തികച്ചും തെറ്റായതും പെരുപ്പിച്ച് കാട്ടിയതുമാണെന്ന് ലീഗൽ കമ്പനി ഒരു പ്രസ്താവനയിൽ അറിയിച്ചു. ഇതുമൂലം നിക്ഷേപകർക്ക് നഷ്ടം സംഭവിച്ചിട്ടുണ്ട്. ഇങ്ങനെ ഒരു ലക്ഷം ഡോളറിൽ കൂടുതൽ നഷ്‌ടമായ വ്യക്തികൾ ബന്ധപ്പെടണമെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്. ഇക്കാര്യം ന്യൂയോർക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ സൈറ്റിൽ കൊടുത്തിട്ടുണ്ട്. 2018 ജൂലൈ മാസത്തിനും 2019 ഒക്ടോബറിനും ഇടയിലാണ് ഇത്തരത്തിൽ നിക്ഷേപകർക്ക് നഷ്ടം സംഭവിച്ചിട്ടുള്ളത്.