വാഹന വിൽപ്പന 16 ശതമാനം കുറഞ്ഞു, എട്ടു വർഷത്തിന് ഇടയിലെ ഏറ്റവും രൂക്ഷമായ ഇടിവ്, കാർ വിപണിയിൽ 17 ശതമാനം കുറവ്

Advertisement

സാമ്പത്തികമാന്ദ്യത്തിന്റെ രൂക്ഷത വ്യക്തമാക്കി ഇന്ത്യയിലെ വാഹനവിപണി വൻ തകർച്ചയിലേക്ക്. വാഹനങ്ങളുടെ മൊത്തം വിൽപ്പന കണക്കിലെടുക്കുമ്പോൾ ഏപ്രിൽ മാസത്തിൽ 15.93 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. കാറുകളുടെ മാത്രം വിൽപ്പന പരിഗണിക്കുമ്പോൾ വിൽപ്പന 17 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ എട്ടു വർഷത്തിനിടയിൽ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ ഇടിവ്. ഇരുചക്രവാഹനങ്ങളുടെ വിൽപ്പനയും ഏറെക്കുറെ സമാനമായ തോതിൽ ഇടിഞ്ഞു. 16.4 ശതമാനം ഇടിവാണ് ടൂ വീലർ വിപണിയിൽ ഉണ്ടായത്.

കഴിഞ്ഞ വർഷം ഏപ്രിലിൽ 298,504 കാറുകൾ വിൽപ്പനയായ സ്ഥാനത്ത് ഏപ്രിലിൽ വിറ്റത് 247,501 കാറുകൾ മാത്രമാണ്. ഇന്ത്യയിലെ ഓട്ടോമൊബൈൽ നിർമ്മാതാക്കളുടെ സഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് [സിയാം] ആണ് വിൽപ്പനയുടെ കണക്കുകൾ പുറത്തു വിട്ടത്‌.

സാമ്പത്തികമാന്ദ്യത്തിനു പുറമെ ഉയരുന്ന ഇന്ധനവിലയും ഇൻഷുറൻസ് ചെലവുകളുമാണ് വിൽപ്പനയെ പ്രതികൂലമായി ബാധിക്കുന്നതെന്ന് വിദഗ്ദർ പറഞ്ഞു. ഇരു ചക്ര വാഹന വിപണിയിൽ മോട്ടോർ സൈക്കിളുകളുടെ വിൽപ്പനയിൽ 11.81 ശതമാനം കുറവ് രേഖപ്പെടുത്തി. ഇതോടൊപ്പം ചരക്ക് വാഹനങ്ങളുടെ വിൽപ്പനയും കുറഞ്ഞു. ഇടിവ് 5.98 ശതമാനം.