സെപ്റ്റംബറിലും കാർ വിൽപ്പന മൂക്കുകുത്തി

വൻ തോതിൽ വിലയിളവും മറ്റു ഓഫറുകളും പ്രഖ്യാപിച്ചിട്ടും കാർ വിൽപ്പനയിലെ ഇടിവ് സെപ്റ്റംബർ മാസത്തിലും തുടർന്നു. ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതിയുടെ വില്പനയിലാണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്. 2018 സെപ്റ്റംബർ മാസത്തെ അപേക്ഷിച്ച് ഈ സെപ്റ്റംബറിൽ വില്പന 32 .7 ശതമാനം കുറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിൽ കമ്പനി 162,290 കാറുകൾ വിറ്റപ്പോൾ ഈ സെപ്റ്റംബറിൽ അത് 122,640 ലേക്ക് ഇടിഞ്ഞു. കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇടിവാണ് സെപ്റ്റംബറിൽ രേഖപ്പെടുത്തിയത്.

ടാറ്റ മോട്ടോഴ്സിന്റെ വില്പന 49 .88 ശതമാനം കുറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിൽ 64,598 കാറുകൾ വില്പനയായ സ്ഥാനത്ത് ഈ സെപ്റ്റംബറിൽ അത് 32,376 ആയി താഴ്ന്നു. മഹീന്ദ്രയുടെ വില്പന 21 .23 ശതമാനം കണ്ട് കുറഞ്ഞു. ടൊയോട്ടയുടെ വില്പന 16.57 ശതമാനവും ഹ്യുണ്ടായിയുടേത് 8 .05 ശതമാനവും കുറഞ്ഞതായി കഴിഞ്ഞ മാസത്തെ വില്പന കണക്കുകൾ വ്യക്തമാക്കുന്നു.

എന്നാൽ കമ്പനികൾ വൻ ഡിസ്കൗണ്ടുകളും ഓഫറുകളൂം നൽകുന്നതിനാൽ ആഗസ്റ്റ് മാസത്തേക്കാൾ സെപ്റ്റമ്പറിലെ വില്പന ഭേദമാണെന്ന് കമ്പനികൾ പറയുന്നു. ഇത് പ്രതീക്ഷ നൽകുന്ന ഘടകമാണെന്ന് അവർ വ്യക്തമാക്കി. ഈ വര്ഷം അഗസ്റ്റിനെ അപേക്ഷിച്ച് സെപ്റ്റംബറിൽ 15.25 ശതമാനം വില്പന വർധിച്ചിട്ടുണ്ട്.